ലണ്ടൻ: ലോഡ്സിെൻറ നടുപ്പിച്ചിൽ മുഹമ്മദ് സിറാജിെൻറ പന്തിൽ ജെയിംസ് ആൻഡേഴ്സെൻറ കുറ്റി തെറിക്കുമ്പോൾ ഇന്ത്യ ലോകത്തോട് പ്രഖ്യാപിച്ചത് ലോകത്തിലെ ഏറ്റവും മികച്ച പേസ്ബൗളിങ് നിര ഇപ്പോൾ ഞങ്ങളുടെതാണെന്നാണ്. തോൽവി തുറിച്ചുനോക്കിയിടത്തുനിന്ന് തിരിച്ചുകയറി ക്രിക്കറ്റിലെ പ്രഭുക്കന്മാരായ ഇംഗ്ലണ്ടിനെ അവരുടെ നടുത്തളത്തിൽ തന്നെ കോഹ്ലിയും സംഘവും വെട്ടിനിരത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 151 റൺസിെൻറ അതിഗംഭീര വിജയം. ലോഡ്സിൽ ഇന്ത്യ ലോഡ്സായി…
ഓപണർമാരായ റോറി ബേൺസിനെയും ഡോം സിബ്ലെയെയും അക്കൗണ്ട് തുറക്കാനനുവദിക്കാതെ പുറത്താക്കിയ ബുംറയും ഷമിയും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ബുംറയുടെ പന്തിൽ മുഹമ്മദ് സിറാജ് ക്യാച്ചെടുത്താണ് റോറി ബേൺസ് പുറത്തായത്. ഡോം സിബ്ലെയെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിെൻറ കൈയിൽ ഷമി ഏൽപിച്ചു.
ഒമ്പതു റൺസെടുത്ത ഹസീബ് ഹമീദിനെ ഇശാന്ത് ശർമ വിക്കറ്റിനു മുന്നിൽ കുടുക്കി. പതിവുപോലെ രക്ഷാപ്രവർത്തകനാകാറുള്ള നായകൻ ജോ റൂട്ട് 33 റൺസടിച്ചെങ്കിലും ബുംറയുടെ പന്തിൽ സ്ലിപ്പിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി പിടിച്ചു പുറത്തായി.
ഇശാന്ത് ശർമയുടെ പന്തിൽ ജോണി ബെയർസ്റ്റോ വിക്കറ്റിനു മുന്നിൽ കുടുങ്ങി. അടുത്തടുത്ത പന്തിൽ മൊയീൻ അലിയെയും (13 റൺസ്) സാം കറനെയും (0) പുറത്താക്കി ഹാട്രിക്കിെൻറ വക്കിലെത്തിയ മുഹമ്മദ് സിറാജ് വീണ്ടും ഇംഗ്ലണ്ടിനെ അമ്പരപ്പിച്ചു. ഒലി റോബിൻസൺ ബുംറക്കു മുന്നിൽ വീണു. ഉറച്ചുനിന്ന ബട്ലറെ (25) സിറാജ് പന്തിെൻറ കൈയിലെത്തിച്ചു. ഒടുവിൽ ആൻഡേഴ്സെൻറ കുറ്റിയും സിറാജ് പിഴുതെടുത്തു. ഇഷാന്ത് ശർമ രണ്ടും ഷമി ഒന്നും വിക്കറ്റ് വീഴ്ത്തി.