ലോകത്തിന് പ്രതീക്ഷകളുടെ പൂച്ചെണ്ടാണ് ഇന്ത്യ ലോകത്തിനു നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജൻഡ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുമ്പോഴും രാജ്യം സാമ്പത്തിക വളർച്ച നിലനിർത്തുന്നുണ്ടെന്നു നരേന്ദ്ര മോദി തന്റെ അഭിസംബോധനയില്‍ അറിയിച്ചു.
കൊവിഡ് കാലത്ത് രാജ്യത്ത് വലിയ പരിഷ്കാരങ്ങള്‍ നടന്നു. ഇപ്പോള്‍ ഇന്ത്യ കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുകയാണ്. ഇന്ത്യ കൊവിഡ് കാലത്ത് നടപ്പിലാക്കിയ ശരിയായ വിധത്തിലുള്ള പരിഷ്കരണ നടപടികളെ ആഗോള സാമ്പത്തിക വിദഗ്ധർ പ്രശംസിച്ചിട്ടുണ്ട്.
കേവലം ഒരു വർഷത്തിനുള്ളിൽ ഇന്ത്യ 160 കോടി ഡോസ് കോവിഡ് വാക്സീൻ നൽകി. ജനാധിപത്യത്തോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള പ്രതീക്ഷ ഇന്ത്യ ലോകത്തിനു സമ്മാനിച്ചുവെന്ന് മോദി പറഞ്ഞു.
കോവിഡ് വ്യാപന വേളയിൽ ഏക ഭൂമി, ഏക ആരോഗ്യം എന്നതായിരുന്നു ഇന്ത്യയുടെ കാഴ്ചപ്പാട്. നിരവധി രാജ്യങ്ങളിലേക്കു മരുന്നുകൾ അയച്ചതുവഴി ദശലക്ഷക്കണക്കിനു മനുഷ്യജീവനുകൾ രക്ഷിക്കാനായി. ഇന്നു ലോകത്തിന്റെ ഫാർമസിയാണ് ഇന്ത്യ.
പ്രതിസന്ധി ഘട്ടത്തിൽ ഐടി മേഖല മുഴുവൻ സമയവും ജോലി ചെയ്തു. ലോകത്തിനു വളരെയേറെ സോഫ്റ്റ്വെയർ പ്രഫഷനലുകളെയാണ് രാജ്യം സംഭാവന ചെയ്തത്. ആരോഗ്യസേതു ആപ്പ്, കോവിൻ പോർട്ടൽ എന്നിവ ഇന്ത്യയുടെ അഭിമാന സംരംഭങ്ങളാണ് മോദി പറഞ്ഞു.
ആഭ്യന്തര യൂണിറ്റുകളിൽ ഉത്പാദിപ്പിക്കുന്ന വസ്തുക്കൾക്ക് നികുതിയിളവു കൊടുക്കുന്ന 2600 കോടി ഡോളറിന്റെ (1.9 ലക്ഷം കോടി രൂപ) പദ്ധതി 14 മേഖലകളിൽ ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്. ഞങ്ങളുടെ ജനാധിപത്യത്തിലും സാങ്കേതികവിദ്യയിലും സ്വഭാവഗുണത്തിലും പ്രതിഭയിലുമുള്ള വിശ്വാസമാണത്.
കൊറോണയുടെ ഈ കാലത്ത് രാജ്യത്തെ 80 കോടിയിലേറെപ്പേർക്ക് സൗജന്യഭക്ഷണം നൽകി ഇന്ത്യ സ്വന്തം ശക്തി വെളിവാക്കി’ – മോദി പറഞ്ഞു. അഞ്ചുദിവസത്തെ ഉച്ചകോടിയുടെ ആദ്യദിനമായ തിങ്കളാഴ്ച വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു മോദിയുടെ പ്രസംഗം.