ന്യൂഡൽഹി : ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബിൾ കരാറിലേർപ്പെടുന്നത് സംബന്ധിച്ച ചർച്ചകൾ തത്ക്കാലം നിർത്തി വെച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു.
പാർലമെൻ്റിൽ ഇത് സംബന്ധിച്ച് ഉന്നയിക്കപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി വി മുരളീധരൻ.
ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപനം കാരണം സൗദി അറേബ്യ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് കാരണം ചർച്ചകൾ തത്ക്കാലം നിർത്തി വെക്കുകയായിരുന്നു.
അതേ സമയം എയർ ബബിൾ കരാറിലേർപ്പെടുന്നത് സംബന്ധിച്ച് നടപടികൾ ഇപ്പോഴും നടന്ന് വരുന്നതായും മന്ത്രി സൂചിപ്പിച്ചു.
വന്ദേ ഭാരത് മിഷൻ പദ്ധതി വഴി ഇത് വരെ ഗൾഫിൽ നിന്ന് 7,16,000 ഇന്ത്യക്കാർ മടങ്ങിയെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ സൗദിയൊഴികെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളടക്കം 28 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് മന്തി പറഞ്ഞു.