റിയാദ്: ഇന്ത്യയും സൗദി വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് ഉന്നത തല ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും കോവിഡ് കേസുകള്‍ വര്‍ധിച്ചതാണ് നിലവിലെ വിമാന വിലക്കിന് കാരണമെന്നും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് വ്യക്തമാക്കി. ഇന്ത്യന്‍ സമൂഹവുമായി ഓണ്‍ലൈനില്‍ നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൗദിയും ഇന്ത്യയും തമ്മിലുള്ള വിമാന സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് സൗദിയിലെ വിവിധ മന്ത്രാലയങ്ങളുമായും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായും എംബസി ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് കേസുകള്‍ പെട്ടെന്ന് വര്‍ധിച്ചതാണ് സര്‍വീസ് തുടങ്ങുന്നത് വൈകാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇതര വഴികള്‍ ഉപയോഗപ്പെടുത്തി വരാം. നിലവിലെ സാഹചര്യത്തില്‍ സൗദിയിലേക്ക് വരുന്നവര്‍ കോവിഡ് വാക്സിന് സ്വീകരിക്കണം. സൗദി അംഗീകരിച്ച വാക്സിന് സ്വീകരിക്കാതെ എത്തുന്നവര്‍ ഒരാഴ്ച ക്വാറന്റൈനിലിരിക്കേണ്ടി വരും. ഓക്സ്ഫോര്‍ഡ് ആസ്ട്രസെനിക വാക്സിനും കോവിഷീല്‍ഡും ഒന്നാണ്. കോവിഷീല്‍ഡ് വാക്സിനേഷന് പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് സൗദിയിലേക്ക് പ്രവേശനം ലഭിക്കും. സൗദി അധികൃതരുമായി ബന്ധപ്പെട്ട് കോവിഷീള്‍ഡും, ആസ്ട്രാ സെനിക്കയും ഒന്നു തന്നെയാണന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ഒട്ടും ആശങ്കയില്ലാതെ കോവിഷീള്‍ഡ് സീകരിച്ച സാക്ഷ്യ പത്രവുമായി സൗദിയിലേക്ക് വരാമെന്നും അംബാസഡര്‍ വ്യക്തമാക്കി. സൗദിയില്‍ അംഗീകാരമില്ലാത്ത കോവാക്സിന് ഉള്‍പ്പെടെയുള്ളവ നിലവില്‍ എടുത്തു കഴിഞ്ഞവരുണ്ട്. ഇവരുടെ കാര്യം എംബസി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സൗദിയിലേക്ക് വരാന്‍ ബഹ്റൈനിലെത്തി കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും സൗദിയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും അംബാസഡര്‍ പറഞ്ഞു. വിവിധ സംഘടനാ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സംവാദത്തില്‍ പങ്കെടുത്തു.