ദുബൈ:ഏഷ്യാ കപ്പ് ടി20 പോരാട്ടത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. പരിക്കേറ്റ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ അവസാന ഇലവനില്‍ ഇല്ല.ഹര്‍ദ്ദിക്കിന് പകരം റിങ്കു സിങ്ങാണ് ടീമില്‍ ഇടംനേടിയത്. പാകിസ്ഥാന്‍ ടീമില്‍ മാറ്റമില്ല.
ടൂര്‍ണമെന്റില്‍ മൂന്നാം തവണയും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഫൈനലിലെ ഹൈലൈറ്റ്. ഇന്ത്യ അപരാജിതരായാണ് കലാശപ്പോരിനെത്തുന്നതെങ്കില്‍ പാകിസ്ഥാന് ടൂര്‍ണമെന്റില്‍ രണ്ട് തോല്‍വികളാണുള്ളത്. രണ്ടും തോറ്റത് ഇന്ത്യയോട്. അതിനാല്‍ പാകിസ്ഥാന്‍ കണക്കു തീര്‍ക്കാനും ഇന്ത്യ കിരീടം നിലനിര്‍ത്താനുമാണ് ഒരുങ്ങുന്നത്. ഏഷ്യാ കപ്പിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ പോരിനെത്തുന്നത് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ശ്രീലങ്കയോട് സൂപ്പര്‍ ഓവര്‍ വരെ നീണ്ട പോരിലാണ് ഇന്ത്യ വിജയം പിടിച്ചത്. 202 റണ്‍സടിച്ചിട്ടും ലങ്കന്‍ ബാറ്റര്‍മാര്‍ പൊരുതിക്കയറിയതോടെ ഇന്ത്യ വിയര്‍ത്തിരുന്നു. എന്നാല്‍ അവസാന അഞ്ച് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി തിരികെ പിടിക്കുകയായിരുന്നു. ലങ്ക നല്‍കിയ ഷോക്ക് ഇന്ത്യയ്ക്കിന്നു പാഠമാകുമെന്നു പ്രതീക്ഷിക്കാം.
ആഴവും പരപ്പുമുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. ഓപ്പണര്‍ അഭിഷേക് ശര്‍മ കത്തും ഫോമിലാണ്. പവര്‍പ്ലേ ഇത്ര കൃത്യമായി ഉപയോഗിച്ച ഒരു ഓപ്പണര്‍ ഏഷ്യാ കപ്പില്‍ വേറെയില്ല. തുടരെ മൂന്ന് അര്‍ധ സെഞ്ച്വറികളുമായി ടൂര്‍ണമെന്റിലെ തന്നെ ടോപ് സ്‌കോററും അഭിഷേകാണ്. ശുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ബാറ്റിങിലെ മറ്റ് കരുത്തര്‍. ഓപ്പണര്‍മാര്‍ നല്‍കുന്ന അതിവേഗ തുടക്കം മുതലാക്കാന്‍ മധ്യനിരയ്ക്കും സാധിച്ചാല്‍ ഇന്ത്യയുടെ നില ഭദ്രമാകും.
ബൗളിങില്‍ സ്പിന്‍ കരുത്താണ് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത്. കുല്‍ദീപ് യാദവ്- വരുണ്‍ ചക്രവര്‍ത്തി- അക്ഷര്‍ പട്ടേല്‍ ത്രയം പാകിസ്ഥാനെതിരായ ആദ്യ രണ്ട് കളികളിലും ജയത്തില്‍ നിര്‍ണായകമായിരുന്നു. ഈ ബൗളര്‍മാരെ പാക് ബാറ്റര്‍മാര്‍ നേരിടുന്നതിനനുസരിച്ചായിരിക്കും അവരുടെ വിധി. പേസര്‍ ജസ്പ്രിത് ബുംറ ഫോമില്‍ എത്തിയിട്ടില്ല എന്നതാണ് ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്ന ഏക പോരായ്മ. എന്നാല്‍ ചരിത്രം നോക്കിയാല്‍ നിര്‍ണായക പോരാട്ടത്തിലെല്ലാം ബുംറ മികവോടെ പന്തെറിഞ്ഞിട്ടുണ്ട്.