ഇതാണ് ഏറ്റവും അനുയോജ്യം; കെജ്രിവാളിന് മറുപടിയുമായി ട്വിറ്ററില്‍ ശിവജിയുടെ ചിത്രം പതിച്ച 200 രൂപയുമായി ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: സമ്ബദ് വ്യവസ്ഥ മെച്ചപ്പെടുത്താനും ഡോളറിനെതിരായ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനും ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ലക്ഷ്മിദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശം വിവാദമായിരുന്നു.

കെജ്രിവാളിന് മറുപടിയുമായി മറാത്ത നേതാവ് ഛത്രപതി ശിവജിയുടെ ഫോട്ടോ പതിച്ച ഫോട്ടോഷോപ് ചിത്രവുമായി രംഗത്ത് വന്നിരിക്കയാണ് ഇപ്പോള്‍ ബി.ജെ.പി നേതാവ് നിതേഷ് റാണെ. കറന്‍സി നോട്ടുകളില്‍ പതിക്കാന്‍ ഏറ്റവും അനുയോജ്യമായ ചിത്രം ശിവജിയുടെതാണെന്നും റാണെ അവകാശപ്പെട്ടു.

”ഇതാണ് ഏറ്റവും അനുയോജ്യം”-എന്ന അടിക്കുറിപ്പോടെയാണ് റാണെ ഫോട്ടോഷോപ്പ് ചിത്രം പങ്കുവെച്ചത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യ എതിരാളിയാണ് എ.എ.പി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഹിന്ദുത്വ കാര്‍ഡിറക്കിയാണ് കെജ്രിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കറന്‍സി നോട്ട് പരിഷ്കരണമെന്ന കെജ്രിവാളിന്റെ നിര്‍ദേശത്തിനെതിരെ വ്യാപക വിമര്‍ശനവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഹിന്ദുത്വ വിരുദ്ധ നയമുള്ള എ.എ.പിയില്‍ നിന്നും താറുമാറായ സര്‍ക്കാരില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള പുതിയ അടവുമായാണ് കെജ്രിവാള്‍ എത്തിയിരിക്കുന്നത് എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമര്‍ശനം.

മഹാത്മ ഗാന്ധിയെ അരികിലേക്ക് മാറ്റിനിര്‍ത്താനുള്ള ശ്രമമാണിതെന്നും കെജ്രിവാള്‍ ഹിന്ദു ദേവതകളെയും ദേവന്‍മാരെയും അപമാനിച്ചിരിക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു. തന്റെ രാഷ്ട്രീയ നയങ്ങളില്‍ നിന്നും കെജ്രിവാള്‍ പൂര്‍ണമായി വ്യതിചലിച്ചുവെന്നും അതിലൂടെ കെജ്രിവാളിന്റെ തനിനിറം പുറത്തായെന്നും വിമര്‍ശനമുണ്ടായി.

”ഇന്ത്യന്‍ കറന്‍സി നോട്ടില്‍ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിര്‍ത്തണം. മറുവശത്ത് ഗണേശ ഭഗവാന്‍റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉള്‍പ്പെടുത്തുകയാണെങ്കില്‍ രാജ്യത്തിന് മുഴുവന്‍ അനുഗ്രഹമുണ്ടാകും. 85 ശതമാനം മുസ്ലിംകള്‍ ഉള്ള ഇന്തൊനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്‍റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കള്‍” -എന്നായിരുന്നു കെജ്രിവാള്‍ പറഞ്ഞത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായാല്‍ ഗുജറാത്തില്‍ നിന്ന് സൗജന്യ തീര്‍ഥാടനം ഒരുക്കുമെന്ന് അദ്ദേഹം നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ആംആദ്മി പാര്‍ട്ടി ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ പശുസംരക്ഷണത്തിനായി ഒന്നിന് 40 രൂപ വീതം ദിനംപ്രതി നല്‍കുമെന്ന് റാലിയില്‍ പങ്കെടുത്ത് കെജ്രിവാള്‍ പറഞ്ഞിരുന്നു.

spot_img

Related Articles

Latest news