ദുബായ്: യുഎഇയില്‍ രണ്ട് ഇന്ത്യക്കാരായ പ്രവാസികള്‍ മരിച്ചതായി റിപ്പോർട്ട്. തെലങ്കാന നിർമല്‍ ജില്ലയിലെ സോഅൻ ഗ്രാമത്തില്‍ നിന്നുള്ള അഷ്‌ടപു പ്രേംസാഗർ (35), നിസാമാബാദ് സ്വദേശി ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.വാക്കുതർക്കത്തെ തുടർന്ന് ഒപ്പം ജോലി ചെയ്‌തിരുന്നയാളാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പാകിസ്ഥാൻ സ്വദേശിയാണ് പ്രതി.
കൊല്ലപ്പെട്ടവർ ദുബായിലുള്ള മോഡേണ്‍ ബേക്കറിയില്‍ ജീവനക്കാരായിരുന്നു. ഇവർ ജോലി ചെയ്‌തിരുന്ന ബേക്കറിയില്‍ വച്ച് ഈ മാസം 11നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ഇരുവരെയും പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ തെലങ്കാന സ്വദേശിയായ മറ്റൊരു യുവാവിന് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ആറ് വർഷമായി മോഡേണ്‍ ബേക്കറിയിലെ ജീവനക്കാരനാണ് മരിച്ച പ്രേംസാഗർ. രണ്ടര വർഷം മുമ്പാണ് ഇയാള്‍ അവസാനമായി അവധിക്ക് നാട്ടില്‍ പോയത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഈ മാസം 12ന് ദുബായിലുണ്ടായ വാക്കുതർക്കത്തിനിടെ അന്യരാജ്യക്കാരനായ ഒരാള്‍ പ്രേംസാഗറിനെ കുത്തിക്കൊലപ്പെടുത്തിയെന്ന് അറിയിച്ചുകൊണ്ട് ഒരു ഫോണ്‍ കോള്‍ വന്നതായി പ്രേംസാഗറിന്റെ അമ്മാവൻ എ പൊഷെട്ടി പറഞ്ഞു. ചെറിയ കുഞ്ഞുങ്ങളുണ്ട്. തന്നെ കൊല്ലരുതെന്ന് യാചിച്ചിട്ടും പ്രതി നിരവധി തവണ കുത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പ്രേംസാഗറിന്റെ സഹോദരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂർത്തിയാക്കി വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.