ഇന്ത്യന്‍ വിമാനങ്ങളുടെ വിലക്ക്​ എന്ന്​ അവസാനിക്കുമെന്ന്​ പറയാനാവില്ല- ശൈഖ്​ അഹ്​മദ്​

ദുബൈ: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക്​ യു.എ.ഇ ഏര്‍പ്പെടുത്തിയ വിലക്ക്​ എപ്പോള്‍ അവസാനിക്കും എന്നു​പറയാന്‍ കഴിയില്ലെന്ന്​ എമിറേറ്റ്​സ്​ എയര്‍ലൈന്‍സ്​ ചെയര്‍മാനും ചീഫ്​ എക്​സിക്യൂട്ടിവുമായ ശൈഖ്​ അഹ്​മദ്​ ബിന്‍ സഈദ്​ ആല്‍ മക്​തൂം. ഇന്ത്യയിലെ കോവിഡ്​ വ്യാപന​ത്തി​ന്റെ ഗതി ആശ്രയിച്ചാകും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കൃത്യമായ ദിവസം പറയാന്‍ കഴിയില്ല. യാത്രാ നിയന്ത്രണങ്ങളുടെ ഇളവിനാണ്​ പ്രാധാന്യം നല്‍കുന്നത്​. കാരണം, ഇനി ലോകം ഇങ്ങനെയായിരിക്കും. ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക്​ വാക്​സിനേഷന്‍ നല്‍കാനും യാത്ര നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുമാണ്​ ഞങ്ങളു​ടെ ശ്രമം.

പക്ഷേ, നിര്‍ഭാഗ്യമെന്ന്​ പറയ​ട്ടെ, കോവിഡി​ന്റെ രണ്ടാം തരംഗം ഇന്ത്യയെ ആഴത്തില്‍ ബാധിച്ചിരിക്കുന്നു. യു.എ.ഇയുടെ ഏറ്റവും മികച്ച യാത്ര പങ്കാളിയാണ്​ ഇന്ത്യ. അതുകൊണ്ടാണ്​ സന്നദ്ധ സംഘടനകളുടെ മെഡിക്കല്‍ സഹായങ്ങള്‍ നാട്ടിലെത്തിക്കാന്‍​ കാര്‍ഗോ നിരക്ക്​ ഞങ്ങള്‍ ഒഴിവാക്കിയത്. ഇന്ത്യയിലെ സ്ഥിതി സസൂക്ഷ്​മം നിരീക്ഷിക്കുകയാണ്​.

കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ എന്താണ്​ ചെയ്യുന്നത്​ എന്നതിനെ ആശ്രയിച്ചിരിക്കും ബാക്കി കാര്യങ്ങള്‍. യു.എ.ഇയില്‍ ജനങ്ങള്‍ക്ക്​ വാക്​സിനെടുക്കാന്‍ സൗകര്യങ്ങളുണ്ടെന്നും എല്ലാവരും ഉപയോഗിക്കണമെന്നും ശൈഖ്​ അഹ്​മദ്​ പറഞ്ഞു.

ഇന്ത്യക്ക്​ പുറമെ പാകിസ്​താന്‍, ബംഗ്ലാദേശ്​, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ യാത്രികര്‍ക്കും യു.എ.ഇ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്​.

spot_img

Related Articles

Latest news