റഷ്യ-യുക്രൈന്‍ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമം വിലയിരുത്തി വിദേശകാര്യ മന്ത്രാലയം. അനിവാര്യമാണെങ്കില്‍ വ്യോമസേനയുടെ സഹായം തേടാനും ആലോചനയുണ്ട്.
ഇന്ത്യക്കാരുടെ എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ കീവിലെ സ്ഥാനപതി കാര്യാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
എത്രയും വേഗം ഉക്രൈന്‍ വിടാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. അത്യാവശ്യ കാര്യത്തിനല്ലാതെ അവിടെ തുടരുന്ന ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു നിര്‍ദേശം. അനുദിനം സാഹചര്യങ്ങള്‍ മോശമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസി അടിയന്തര അറിയിപ്പ് നല്‍കിയത്.
ഉക്രൈനിലേക്കുള്ള താത്കാലിക യാത്രകളും ഒഴിവാക്കണം. എന്നാല്‍ ഉക്രൈനിലുള്ള ഇന്ത്യന്‍ എംബസി താത്കാലികമായി അടയ്ക്കില്ല. അവിടെ ഇപ്പോഴും തുടരുന്ന ഇന്ത്യക്കാര്‍ എന്ത് ആവശ്യമുണ്ടെങ്കിലും എംബസിയുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നേരത്തേ മറ്റ് പല വിദേശരാജ്യങ്ങളും സമാന രീതിയിലുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
അതേസമയം, അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്നും യുദ്ധത്തിന് ആഗ്രഹമില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. യുദ്ധത്തിനുള്ള സാധ്യത ഈ നിമിഷത്തിലും തള്ളിക്കളയാനാകില്ലെന്നാണ് ബൈഡന്‍ പ്രതികരിച്ചത്.
റഷ്യ സൈന്യത്തെ പിന്‍വലിച്ചു എന്ന വാദത്തിന് തനിക്ക് ഇപ്പോഴും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധമുണ്ടായാല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ ദുരിതം അനുഭവിക്കുമെന്ന് ബൈഡന്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയും ചെയ്തു. റഷ്യയുടെ ഏത് വിധത്തിലുള്ള നീക്കത്തേയും പ്രതിരോധിക്കാന്‍ അമേരിക്ക തയാറെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, യുദ്ധമൊഴിവാക്കാന്‍ ജര്‍മ്മനിയും നയതന്ത്ര പരിഹാരം തേടി ആക്രമണമുണ്ടായാല്‍ ഉപരോധമെന്ന മുന്നറിയിപ്പ് നൽകി.
ഒരു വിഭാഗം സൈന്യത്തെ അതിര്‍ത്തിയില്‍ നിന്നും പിന്‍വലിച്ചെന്നാണ് റഷ്യ അവകാശപ്പെടുന്നത്. എന്നാല്‍ എവിടെ നിന്നാണ് സൈന്യം പിന്‍വാങ്ങിയതെന്നോ എത്ര സൈനികര്‍ പിന്‍വാങ്ങിയെന്നോ റഷ്യ വ്യക്തമാക്കാത്തത് കൂടുതല്‍ അനിശ്ചിതത്വത്തിന് വഴിവെക്കുകയാണ്. ഇക്കാര്യത്തില്‍ റഷ്യ വ്യക്തത വരുത്തണമെന്നാണ് യുക്രൈനും പാശ്ചാത്യലോകവും ആവശ്യപ്പെടുന്നത്. യുക്രൈന്‍ അധിനിവേശത്തിന് യാതൊരു പദ്ധതിയുമില്ലെന്ന വാദമാണ് റഷ്യ ആവര്‍ത്തിക്കുന്നത്.
സൈന്യത്തെ പിന്‍വലിച്ചതായി റഷ്യ പറഞ്ഞെങ്കിലും യുദ്ധ ഭീതിയെ ഇല്ലാതാക്കുന്ന യാതൊരു ശുഭസൂചനയും യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് നാറ്റോയും അമേരിക്കയും വിലയിരുത്തുന്നത്. സൈന്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും മിസൈല്‍ വിന്യാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനും യുഎസുമായും നാറ്റോയുമായും കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വളാഡിമര്‍ പുടിന്‍ അറിയിച്ചിരുന്നു.
അതിര്‍ത്തിക്ക് സമീപം മോസ്‌കോ 1,30,000 സൈനികരെ വിന്യസിച്ചിരുന്നതായാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. റഷ്യ വെടിയുതിര്‍ക്കാതെയാണ് സൈന്യത്തെ പിന്‍വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പ്രസ്താവിച്ചിരുന്നു.