ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ, എട്ട് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ കംപ്യൂട്ടർ ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കണ്ടെടുത്തതായി സൂചന. ആവശ്യമെങ്കില്‍ വരും ദിവസങ്ങളില്‍ വീണ്ടും പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം
ഇന്നലെ രാവിലെ 11:30-ഓടെ ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയ അന്വേഷണസംഘമാണ് രാത്രിയോടെ റെയ്ഡ് പൂര്‍ത്തിയാക്കിയത്. കൂടാതെ, ദിലീപിന്റെ നിര്‍മാണ കമ്പനിയിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തി.
കുറ്റകൃത്യത്തിന് ശേഷം ദിലീപിന്റെ ഭാഗത്ത് നിന്നും ദിലീപുമായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍, ആര്‍ക്കൊക്കെയാണ് ഈ പണം പോയിട്ടുള്ളത്, എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് പണം പോയിട്ടുള്ളത് എന്നതടക്കം പരിശോധിക്കാന്‍ വേണ്ടി ബില്ലുകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ദിലീപിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കവറിലാക്കി സാധനങ്ങള്‍ പുറത്തേക്ക് കൊണ്ടു വന്നിട്ടുണ്ട്. ഹാര്‍ഡ് ഡിസ്‌കുകളും അതുമായി ബന്ധപ്പെട്ട വസ്തുക്കളുമാണ് ഇതിലുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പരിശോധനയില്‍ പ്രധാനപ്പെട്ട ലക്ഷ്യം തോക്കായിരുന്നു. എന്നാല്‍ ഇത് ദിലീപിന്റെ വീട്ടില്‍ നിന്ന് കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്നത് ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയിരിക്കുന്നത്. ദിലീപിന്റെ വീട്ടിലാണ് ഗൂഢാലോചന പ്രധാനമായും നടന്നതെന്നാണ് ഇദ്ദേഹത്തിന്റെ മൊഴി.
കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് സഹോദരന്റെ വീട്ടില്‍ ഉള്‍പ്പെടെ ഒരേസമയം റെയ്ഡ് നടത്തിയത്. ആവശ്യമെങ്കില്‍ വരും ദിവസങ്ങളില്‍ വീണ്ടും പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം