തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസിൻ്റെ വിമാന സർവീസുകള്‍ വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതും കേരളത്തിലെ യാത്രക്കാരെ ദുരിതത്തിലാക്കി.തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളമാണ് യാത്രക്കാർ കാത്തിരിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തില്‍ ഇന്നും വിമാന സർവീസുകള്‍ താളം തെറ്റി. വ്യാഴാഴ്ചയും ഇവിടെ ഇൻഡിഗോ സർവീസുകളില്‍ പ്രതിസന്ധി നേരിട്ടിരുന്നു. കണ്ണൂരില്‍നിന്ന് ഏറ്റവും കൂടുതല്‍ സർവീസുകള്‍ നടത്തുന്നത് ഇൻഡിഗോയാണ്. വെള്ളിയാഴ്ച ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി.
കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-അബുദാബി വിമാനങ്ങള്‍ അനിശ്ചിതമായി വൈകുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിലും വെള്ളിയാഴ്ച ഇൻഡിഗോ യാത്രക്കാർക്ക് ദുരിതമുണ്ടായി. തിരുവനന്തപുരത്തേക്ക് വരേണ്ട മൂന്ന് വിമാനങ്ങളും ഇവിടെനിന്ന് പുറപ്പെടേണ്ട മൂന്ന് വിമാനങ്ങളും വൈകുന്നുണ്ട്.
തിരുവനന്തപുരം-പൂനെ, തിരുവനന്തപുരം-ബെംഗളൂരു ഉള്‍പ്പെടെ നാല് ഇൻഡിഗോ വിമാനസർവീസുകള്‍ വെള്ളിയാഴ്ച റദ്ദാക്കി.അതേസമയം, ഇൻഡിഗോ സർവീസുകള്‍ വൈകുന്നത് സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്.

