പണപ്പെരുപ്പം 11 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; വിലക്കയറ്റം രൂക്ഷം

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് ജനജീവിതത്തിന് ദുരിതം വര്‍ധിപ്പിച്ചുകൊണ്ട് മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പം 11 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 10.49 ശതമാനം വിലക്കയറ്റമാണ് ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയതെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

മാര്‍ച്ചില്‍ 7.39 ശതമാനം എന്ന എട്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു പണപ്പെരുപ്പം. 3.1 ശതമാനം വിലക്കയറ്റമാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. സാമ്പത്തിക  വര്‍ഷത്തിന്റെ അടിസ്ഥാന മാസമായ ഏപ്രിലില്‍ 2010 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2020 ഏപ്രിലില്‍ പണപ്പെരുപ്പത്തില്‍ 1.5 ശതമാനം സങ്കോചമായിരുന്നു രേഖപ്പെടുത്തിയത്.

2020 ഡിസംബര്‍ മുതലാണ് പണപ്പെരുപ്പം ക്രമാനുഗതമായി ഉയരാന്‍ തുടങ്ങിയത്. ഫെബ്രുവരിയില്‍ 4.17 ശതമാനത്തില്‍ നിന്നാണ് രണ്ടുമാസം കൊണ്ട് വിലക്കയറ്റ തോത് രണ്ടക്കത്തിലേക്ക് കുതിച്ചുയര്‍ന്നിരിക്കുന്നത്. ജനുവരിയില്‍ ഇത് 2.03 ശതമാനമായിരുന്നു.

അതേ സമയം കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട 2020 മാര്‍ച്ചില്‍ വെറും 0.42 ശതമാനമായിരുന്നു പണപ്പെരുപ്പം. മൊത്ത വിപണി സൂചികയില്‍ 64.2 ശതമാനം വരുന്ന നിര്‍മ്മിത വസ്തുക്കളുടെ വിലയില്‍ 9.01 ശതമാനം വില ഉയര്‍ന്നത് പണപ്പെരുപ്പം വര്‍ധിക്കുന്നതിന് പ്രധാന കാരണമായി.

ചില്ലറ വിപണിയിലെ പണപ്പെരുപ്പം മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 5.52 ശതമാനത്തില്‍ നിന്നും 4.29 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മൊത്ത വില സൂചികയില്‍ 13.2 ശതമാനം വരുന്ന ഇന്ധന-ഊര്‍ജ്ജ വിഭാഗത്തില്‍ കഴിഞ്ഞമാസം 20.94 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

കൊവിഡ് സാഹചര്യത്തിലും ദിനം തോറും വില കൂട്ടുന്ന നിലപാടാണ് എണ്ണക്കമ്പനികൾ നടത്തി വരുന്നത്. കഴിഞ്ഞ 13 ദിവസം കൊണ്ട് ഒമ്പതു തവണ വില ഉയര്‍ത്തിയിട്ടുണ്ട്. മെയ് നാല് മുതല്‍ പെട്രോളിന് 2.18 രൂപയും ഡീസലിന് 2.49 രൂപയും ഇതുവരെ കൂട്ടിയിട്ടുണ്ട്.

സൂചികയില്‍ 22.6 ശതമാനം വരുന്ന അടിസ്ഥാന വസ്തുക്കളില്‍ ഭക്ഷ്യ ഉല്പന്നങ്ങളുടെ വില മാര്‍ച്ചിലെ 3.24 ശതമാനത്തില്‍ നിന്നും 4.92 ശതമാനമായി ഉയര്‍ന്നു. പച്ചക്കറി വില 9.03 ശതമാനം കണ്ട് കുറഞ്ഞപ്പോള്‍ പയര്‍ വര്‍ഗങ്ങള്‍ക്ക് 10.74 ശതമാനം വില ഏപ്രിലില്‍ കൂടി. പഴവര്‍ഗങ്ങള്‍ക്ക് 27.43 ശതമാനവും മാംസ-മല്‍സ്യ വിഭവങ്ങള്‍ക്ക് 10.88 ശതമാനവും വില വര്‍ധിച്ചു. ഭക്ഷ്യ എണ്ണകള്‍ക്ക് 43.28 ശതമാനം വിലക്കയറ്റമുണ്ടായി.

spot_img

Related Articles

Latest news