കോഴിക്കോട് : പുതിയ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തുടരുന്ന വിവാദങ്ങള്‍ക്ക് അറുതിവരുത്താനും ചില വിഭാഗങ്ങളുടെ ഈ വിഷയത്തിലുള്ള ഉത്ക്കണ്ഠ അകറ്റാനും ജനകീയ ചര്‍ച്ചക്ക് അവസരമൊരുക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി പുറത്തിറക്കിയ കേരള പാഠ്യ പദ്ധതി ചട്ടക്കൂടുകളുടെ കരട് നിര്‍ദേശങ്ങളുടെമേലുള്ള ചര്‍ച്ചകള്‍ അക്കാദമിക തലത്തില്‍ മാത്രം ഒതുക്കാതെ, സമഗ്രമായ സമൂഹ ചര്‍ച്ചക്ക് വിടുകയാണ് അഭികാമ്യം.
പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ പേരില്‍ നവലിബറല്‍ ആശയങ്ങള്‍ അടിച്ചേല്‍പിക്കുകയാണെന്ന ചില കോണുകളില്‍നിന്ന് ഉയരുന്ന ആശങ്ക ദൂരീകരിക്കപ്പെടേണ്ടതുണ്ട്. ലിംഗസമത്വ വിദ്യാഭ്യാസത്തിൻ്റെ ഊന്നല്‍ വേഷത്തിലോ ഇരിപ്പിടത്തിലോ ആവാതെ, കേരളത്തിൻ്റെ സാമൂഹികവും സാംസ്കാരികവുമായ മൂല്യവിചാരങ്ങളെ തകര്‍ക്കാത്ത വിധം മികവിന്‍െറയും അവസരങ്ങളുടെയും ദിശയിലേക്ക് ശ്രദ്ധ തിരിച്ചുവിടുകയാണ് വേണ്ടത്.
മറ്റു പല വിഷയങ്ങളിലുമെന്ന പോലെ സാമാന്യ ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പാഠ്യപദ്ധതി പരിഷ്കരണത്തെ ഉപരിപ്ളവമായും അബദ്ധജഢിലമായും അവതരിപ്പിക്കാനും സര്‍ക്കാര്‍ വിരുദ്ധ വികാരം വളര്‍ത്താനുമുള്ള ചില പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം പരാജയപ്പെടുത്തേണ്ടതുണ്ടെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
ബീഹാറില്‍ മോദി-അമിത് ഷാ കൂട്ടുകെട്ടിന്‍െറ രാഷ്ട്രീയ കുല്‍സിത അജണ്ട പരാജയപ്പെടുത്താനും മതേതര മഹാ സഖ്യത്തിന് ഭരണം കൈയാളാനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്ത നിതീഷ് കുമാറിന്‍െറയും തേജസ്വി യാദവിന്‍െറയും കരുനീക്കങ്ങള്‍ ദേശീയ തലത്തില്‍ മതേതര ചേരിക്ക് പ്രതീക്ഷകള്‍ കൈമാറുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
2024ലെ പൊതുതെരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കുമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ബീഹാറിലെ സംഭവവികാസങ്ങള്‍. അവസരവാദ രാഷ്ട്രീയം കൈയാളുന്നതില്‍ എക്കാലവും മിടുക്ക് കാണിക്കാറുള്ള നിധീഷ് കുമാര്‍ അനുഭവപാഠങ്ങളുടെ വെളിച്ചത്തില്‍ തത്ത്വാധിഷ്ഠിതമായ നിലപാട് ഇനിയെങ്കിലും സ്വീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഭാവി ദേശീയ രാഷ്ട്രീയത്തിൻ്റെ ഗതിയെന്ന് പ്രമേയത്തില്‍ പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ സ്വാഗതം പറഞ്ഞു.