തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണചെലവിനെത്തിച്ച ദേശീയ പാർട്ടിയുടെ മൂന്നരക്കോടി തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. കോഴിക്കോട് സ്വദേശിയായ മുഖ്യപ്രതി, ക്വട്ടേഷൻ എടുത്ത കണ്ണൂർ സ്വദേശി എന്നിവർ കൂടി പിടിയിലായാൽ പാർട്ടി നേതാക്കളുമായുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
പണം നഷ്ടപ്പെട്ടതായി പരാതി നൽകിയ കോഴിക്കോട് സ്വദേശി ധർമരാജിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. രണ്ട് കാറുകളിലാണ് സംഘം പുറപ്പെട്ടത്. വഴിയിൽ പൊലീസ് പരിശോധനയോ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയോ ഉണ്ടോയെന്നത് പരിശോധിക്കാനായി പൈലറ്റ് വാഹനവും അതിന് പിന്നിൽ പണമടങ്ങിയ കാറുമാണ് ഉണ്ടായിരുന്നത്. അപകടവും കാർ തട്ടിയെടുത്ത വിവരവും കാറിലുണ്ടായിരുന്ന ഡ്രൈവർ ആണ് ധർമരാജിനെ വിളിച്ചറിയിച്ചത്. പിന്നീട് ഇക്കാര്യമറിയിക്കാൻ ആദ്യം വിളിച്ചത് തൃശൂർ ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാവിനെയായിരുന്നു. ഒന്നിലധികം തവണ ഈ നമ്പറിലേക്ക് വിളി പോയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.