ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പൽ വിക്രാന്ത് രാജ്യത്തിന് വലിയ മുതൽക്കൂട്ടാവുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നിർമ്മാണ ജോലികൾ ഏറെക്കുറെ പൂർത്തിയായ കപ്പലിൽ സന്ദർശനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന അടുത്ത വർഷം കപ്പൽ കമ്മിഷൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ തദ്ദേശീയ വ്യവസായങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ആധുനികവത്കരണം നടപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിർമ്മാണത്തിലിരിക്കുന്ന 44 യുദ്ധക്കപ്പലുകളിൽ 42 എണ്ണവും രാജ്യത്തെ കപ്പൽശാലകളിൽ നിർമ്മിക്കുന്നത് ഇതിനുദാഹരണമാണ്. സമുദ്ര പ്രതിരോധത്തിൽ ആഗോള ശക്തിയാവുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും രാജ്നാഥ് സിങ് പറഞ്ഞു..