ന്യൂ ഡെൽഹി: ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമായാന മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഇൻ്റർനാഷണൽ ഷെഡ്യൂൾഡ് വിമാന സർവീസുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നത്. ഈ മാസം 30 വരെ വിലക്ക് നിലവിലിരിക്കെയാണ് അടുത്ത മാസം 15 ന് വിലക്ക് നീക്കുന്ന സുപ്രധാന തീരുമാനം വന്നിട്ടുള്ളത്.
അതേ സമയം വിമാന സർവീസുകൾ പുനരാരംഭിക്കുമെങ്കിലും പൂർണ്ണ ശേഷിയിൽ ആദ്യം തന്നെ എല്ലാ രാജ്യങ്ങളിലേക്കും സർവീസുകൾ ഉണ്ടാകില്ലെന്നാണു റിപ്പോർട്ടുകൾ. വിവിധ രാജ്യങ്ങളിലെ കോവിഡ് സ്റ്റാറ്റസുകൾക്കനുസരിച്ച് മൂന്ന് വിഭാഗമായി തരം തിരിച്ചാണു സർവീസുകൾ പുനരാരംഭിക്കുക.
1.അപകടസാധ്യതയില്ലാത്ത രാജ്യങ്ങൾ:
ഉഭയകക്ഷി എയർ സർവീസ് കരാറുകൾ അല്ലെങ്കിൽ കോവിഡിന് മുമ്പുള്ള സ്ഥിതിക്കനുസരിച്ച് വിമാന സർവീസുകൾ പുനരാരംഭിക്കും.
2.ഇന്ത്യയുമായി എയർ ബബിൾ കരാർ നിലവിലുള്ള അപകട സാധ്യതയുള്ള രാജ്യങ്ങൾ:
ഈ രാജ്യങ്ങളിലേക്ക് വിമാന സർവീസുകളുടെ എണ്ണം കൊറോണക്ക് മുമ്പുള്ളതിനേക്കാൾ പരിമിതപ്പെടുത്തി 75 ശതമാനമാക്കി കുറക്കും.
3.ഇന്ത്യയുമായി എയർ ബബിൾ കരാർ നിലവിലില്ലാത്ത അപകട സാധ്യതയുള്ള രാജ്യങ്ങൾ:
ഈ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ കൊറോണക്ക് മുമ്പുള്ള സമയത്തേക്കാൾ പരിമിതപ്പെടുത്തി 50 ശതമാനമാക്കി കുറക്കും.
നേരത്തെ വിവിധ ഘട്ടങ്ങളിലായി ടൂറിസ്റ്റുകൾക്ക് ഇന്ത്യയിലേക്ക് പ്രവേശനാനുമതി നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നു.