പാവപ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം പെട്ടെന്ന് അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. പാവപ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. നെറ്റ്വര്‍ക്ക് കണക്ടിവിറ്റിയുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ഭാവി എന്ന് പറയുമ്പോള്‍, വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന്റെ അടിത്തറ ഉറപ്പിക്കുക എന്നത് പ്രധാനമാണ്. ഇക്കാര്യത്തില്‍ ഒരു ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാകാന്‍ പാടില്ല. അതിനാവശ്യമായ കരുതല്‍ നമ്മുടെ ഭാഗത്ത്‌നിന്ന് ഉണ്ടാകണം. അതിനാവശ്യമായ നടപടികള്‍ വിവിധ സ്രോതസുകള്‍ വഴി സമാഹരിക്കാന്‍ പറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിലുള്ള പ്രശ്നം രണ്ട് മൂന്ന് തരത്തിലാണ്. നമ്മുടെ സംസ്ഥാനത്തെ കുട്ടികളില്‍ ഒരു വിഭാഗം ഓണ്‍ലൈന്‍ പഠനത്തിനായുള്ള ഉപകരണം വാങ്ങാന്‍ ശേഷിയില്ലാത്തവരാണ്. പലവിധ പ്രശ്നങ്ങള്‍ അവര്‍ നേരിടുന്നുണ്ട്. ഒന്നാം തരംഗം വന്നപ്പോള്‍ ആരും പറഞ്ഞില്ല രണ്ടാം തരംഗം ഉണ്ടാകുമെന്ന്. നമ്മള്‍ ഇപ്പോള്‍ മൂന്നാം തരംഗത്തിന് തയാറെടുക്കുകയാണ്. കോവിഡ് കുറച്ചു കാലം നമ്മുടെ കൂടെയുണ്ടാകും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം അത്ര വേഗത്തില്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. പാഠപുസ്തകങ്ങള്‍ പോലെ വിദ്യാര്‍ഥികളുടെ പക്കല്‍ ഡിജിറ്റല്‍ ഉപകരണം ഉണ്ടാകുക എന്നത് പ്രധാനമാണ്.

വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ക്കായി വിവിധ സ്രോതസുകളെ ഉപയോഗിച്ച് സഹായം നടപ്പാക്കാന്‍ തന്നെയാണ് തീരുമാനം. നമ്മുടെ സംസ്ഥാനത്ത് പലഭാഗങ്ങളിലും കണക്ടിവിറ്റിയുടെ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. എങ്ങനെ കണക്ടിവിറ്റി എത്തിക്കാമെന്നത് ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചിട്ടുണ്ട്. ആദിവാസി മേഖലക്കാണ് പ്രാധാന്യം. എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമെന്ന് പരിശോധിക്കുകയാണ്. ഇതിനായി കെ.എസ്.ഇ.ബി ഉള്‍പ്പടെ വിവിധ മേഖലകളുടെ സഹായങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

spot_img

Related Articles

Latest news