ജഡായുപ്പാറ പദ്ധതി; തട്ടിപ്പെന്ന് നിക്ഷേപകരുടെ കൂട്ടായ്മ

ദുബൈ: കൊല്ലം ചടയമംഗലം ജഡായുപ്പാറ ടൂറിസം പദ്ധതിയുടെ പേരില്‍ പണം പിരിച്ച്‌ പ്രവാസികളടക്കമുള്ളവരെ വഞ്ചിക്കുന്നത് തുടരുന്നതായി ജഡായുപ്പാറ ഇന്‍വെസ്റ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍.

ദുബൈയില്‍ വാര്‍ത്തസമ്മേളനത്തിലാണ് നിക്ഷേപകരുടെ കൂട്ടായ്മ കോടതിവിധി മറികടന്നും തട്ടിപ്പ് തുടരുന്നതായി ആരോപിച്ചത്. പദ്ധതിയില്‍ നിക്ഷേപം നടത്തിയ പ്രവാസികളും അല്ലാത്തവരുമായ 150ഓളം നിക്ഷേപകരുടെ കൂട്ടായ്മയാണ് ഇന്‍വെസ്റ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍. പദ്ധതിയുടെ ശില്‍പിയും കരാറുകാരനുമായ രാജീവ് അഞ്ചല്‍ സാമ്ബത്തിക തിരിമറി നടത്തിയത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ചിരുന്നുവെന്നും എന്നാല്‍, പദ്ധതിവരുമാനത്തില്‍ ഇദ്ദേഹത്തിന് തുടര്‍ന്ന് അധികാരമില്ലെന്ന വിധി വന്നിട്ടും പ്രവാസികളെ സമീപിച്ച്‌ പണപ്പിരിവ് നടത്തുന്നുണ്ടെന്ന് കൂട്ടായ്മ പറയുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് പരിശോധനക്ക് കോടതി കമീഷനെ നിയോഗിച്ചിരുന്നു. ഇതില്‍ അഴിമതി കണ്ടെത്തിയിട്ടുണ്ട്. 40 കോടി രൂപ മുതല്‍മുടക്കിയ പദ്ധതിയില്‍ 10 കോടി പോലും ചെലവഴിച്ചിട്ടില്ല. പദ്ധതിയുടെ വരുമാനം മുഴുവന്‍ സ്വകാര്യസ്വത്തായി അനുഭവിക്കുന്ന സാഹചര്യമാണുള്ളത്. കൂടുതല്‍ അഴിമതി നടത്തുന്നത് തടയുന്നതിന്‍റെ ഭാഗമായി നാഷനല്‍ കമ്ബനി ലോ ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതും മറികടന്ന് സാമ്ബത്തിക സുതാര്യതയില്ലാതെ പ്രവര്‍ത്തനം തുടരുകയാണ്. ഈ വിഷയത്തില്‍ സര്‍ക്കാറിന്‍റെയും പൊതുസമൂഹത്തിന്‍റെയും ഇടപെടലുണ്ടാകണം -നിക്ഷേപകര്‍ ആവശ്യപ്പെട്ടു.

ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവരെ പദ്ധതിപ്രദേശത്തേക്ക് കടക്കാന്‍പോലും അനുവദിക്കാതെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും കേരളത്തില്‍ നിക്ഷേപിക്കാനുള്ള പ്രവാസികളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന സംഭവത്തില്‍ നിയമപരമായ ഇടപെടല്‍ തുടരുമെന്നും സര്‍ക്കാറിന്‍റെ ഇടപെടല്‍ പ്രതീക്ഷിച്ച്‌ വിവിധ ജനപ്രതിനിധികളെയും മന്ത്രിമാരെയും സമീപിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. 48 വര്‍ഷം പ്രവാസലോകത്ത് അധ്വാനിച്ച പണമാണ് തട്ടിപ്പില്‍ നഷ്ടപ്പെട്ടതെന്ന് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത വര്‍ക്കല സ്വദേശിയായ അബ്ദുല്‍ വാഹിദ് അന്‍സാരി പറഞ്ഞു. വലിയ വാഗ്ദാനങ്ങള്‍ നല്‍കി വാങ്ങിയ പണത്തിനായി വിളിക്കുമ്ബോള്‍ ഇപ്പോള്‍ ഫോണ്‍പോലും എടുക്കാത്ത സ്ഥിതിയാണെന്നും വാര്‍ധക്യത്തില്‍ തുണയാകുമെന്ന് കരുതിയ സമ്ബത്താണ് പദ്ധതിയില്‍ നിക്ഷേപിച്ച്‌ നഷ്ടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്തസമ്മേളനത്തില്‍ ദീപു ഉണ്ണിത്താന്‍, പ്രവിത്ത്, ബാബു വര്‍ഗീസ്, രഞ്ജി ചെറിയാന്‍, ഷിജി മാത്യൂ എന്നിവരും പങ്കെടുത്തു.

spot_img

Related Articles

Latest news