കോഴിക്കോട്: ഇന്റഗ്രേറ്റഡ് പ്രൊഫഷനൽസ് ഫോറം (ഐ പി എഫ് ) അഭിഭാഷക സംഘടനയായ ഐ പി എഫ് ലോയേഴ്‌സ് ഫോറം ലീഗൽ ടോക്ക് എഡിഷൻ മൂന്ന് സമാപിച്ചു. ‘മുസ്‌ലിം വിവാഹ മോചനം: ഇസ്‌ലാമിക വീക്ഷണവും തെറ്റായ കോടതി വിധിയും’ എന്ന വിഷയത്തിലാണ് ചർച്ച സംഘടിപ്പിച്ചത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി പ്രമുഖ അഭിഭാഷകർ പങ്കെടുത്തു. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈയിടെ പുറപ്പെടുവിച്ച മുസ്‌ലിം സ്ത്രീകളുടെ എക്‌സ്ട്രാ ജുഡീഷ്യൽ ഡിവേഴ്‌സ് (ഖുലഅ്) കേസിലെ വിധി ഇസ്‌ലാമിക ശരീഅത്തിനും നിയമങ്ങൾക്കും പ്രമാണങ്ങൾക്കും വിരുദ്ധമാണെന്നും യോഗം വിലയിരുത്തി. പ്രസ്തുത വിധി ദുർബലപ്പെടാൻ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
ഐ പി എഫ് സെൻട്രൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ : അബ്ദുൽ റഊഫിന്റെ അധ്യക്ഷതയിൽ കേരള സ്റ്റേറ്റ് ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ : മുഹമ്മദ് ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ : ഹുസൈൻ സഖാഫി ചുള്ളിക്കോട് വിഷയവതരണം നടത്തി. ചടങ്ങിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും എൽ എൽ എം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഡ്വ : അഹമ്മദ് രിഫായിയെ അനുമോദിച്ചു.
ജൂനിയർ അഭിഭാഷകർക്കായി സ്റ്റേറ്റ് ലെവൽ അഡ്വക്കസി കോമ്പറ്റിഷൻ, അഭിഭാഷകർക്കായി സ്റ്റേറ്റ് ലെവൽ പ്രൊഫഷണൽ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം എന്നിവ സംഘടിപ്പിക്കാനും ഓരോ ജില്ലയിലും സൗജന്യ നിയമ സേവനത്തിനായി ലീഗൽ ക്ലിനിക്കുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. ലോയേഴ്‌സ് ഫോറം കൺവീനർ അഡ്വ : പി പി മുബശ്ശിറലി സ്വാഗതവും അഡ്വ : ബക്കർ ചാവക്കാട് നന്ദിയും പറഞ്ഞു.
അഡ്വ : മമ്മോക്കർ കോഴിക്കോട്, അഡ്വ ഫുആദ് സി ഒ ടി തലശ്ശേരി, അഡ്വ അബ്ദുൽ സമദ് ചാവക്കാട്, അഡ്വ. ശഹസാദ് നൂറാനി, അഡ്വ. സ്വാലിഹ് ആലപ്പുഴ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് വെളിമുക്ക്, അഡ്വ. റംഷാദ് സഖാഫി എന്നിവർ സംസാരിച്ചു.