ദുബായ് : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐപിഎല്ലില്‍ നാലാം കിരീടം. കിരീടപ്പോരില്‍ ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
2018നുശേഷം ചെന്നൈയുടെ ആദ്യ ഐപിഎല്‍ കിരീടമാണിത്. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് വീണുപോയ ചെന്നൈ ധോണിയുടെ നേതൃത്വത്തില്‍ കരീടവുമായി തല ഉയര്‍ത്തിയാണ് ഇത്തവണ മടങ്ങുന്നത്.
സ്കോർ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 192-3, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 165-9
അക്കൗണ്ട് തുറക്കും മുമ്പെ വെങ്കടേഷ് അയ്യരെ രണ്ടാം ഓവറില്‍ ഹേസല്‍വുഡിന്‍റെ പന്തില്‍ എം എസ് ധോണി കൈവിട്ടു. തൊട്ടടുത്ത പന്തില്‍ ഹേസല്‍വുഡിനെ സിക്സിന് പറത്തിയാണ് അയ്യര്‍ അക്കൗണ്ട് തുറന്നത്. ദീപക് ചാഹര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് അയ്യര്‍ ടോപ് ഗിയറിലായി.
നാലാം ഓവറില്‍ ഹേസല്‍വുഡിന്‍റെ പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ ഷര്‍ദ്ദുല്‍ ഠാക്കൂറും നിലത്തിട്ടു. ഷര്‍ദ്ദുല്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ അയ്യരുടെ ബാറ്റിലുരുമ്മി വിക്കറ്റിന് പിന്നിലേക്ക് പോയ പന്ത് ധോണിയുടെ കൈവിരലുകളില്‍ തട്ടി ബൗണ്ടറി കടന്നു. 5.4 ഓവറില്‍ കൊല്‍ക്കത്ത 50 കടന്നു.
പത്താം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ ജഡേജ വീഴ്ത്തിയെങ്കിലും അംബാട്ടി റായുഡു ക്യാച്ചെടുക്കുന്നതിന് മുമ്പ് പന്ത് സ്പൈഡര്‍ ക്യാമറയിലെ കേബിളില്‍ തട്ടിയെന്ന് വ്യക്തമായതോടെ അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. ജീവന്‍ കിട്ടയി ഗില്‍ ജഡേജയുടെ അടുത്ത രണ്ട് പന്തും ബൗണ്ടറി കടത്തി പ്രതികാരം തീര്‍ത്തു.
എന്നാല്‍ കൊല്‍ക്കത്ത ഓപ്പണര്‍മാര്‍ തകര്‍ത്തടിക്കുമ്പോഴും ക്യത്യമായ ഫീല്‍ഡ് പ്ലേസിംഗിലൂടെയും ബൗളിംഗ് ചേഞ്ചുകളിലൂടെയും ധോണി തല ഉയര്‍ത്തി നിന്നു. അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ അയ്യരെ മടക്കിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ചെന്നൈ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി.
32 പന്തില്‍ 50 റണ്‍സടിച്ച അയ്യര്‍ അഞ്ച് ഫോറും മൂന്ന് സിക്സും പറത്തി. പതിനൊന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്മാവുമ്പോള്‍ കൊല്‍ക്കത്ത 91 റണ്‍സിലെത്തിയിരുന്നു. അതേ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ നിതീഷ് റാണയെ ഡൂപ്ലെസിയുടെ കൈകളിലെത്തിച്ച് ഠാക്കൂര്‍ കൊല്‍ക്കത്തക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു.
തൊട്ടടുത്ത ഓവറില്‍ സുനില്‍ നരെയ്നെ(2) മടക്കിഹേസല്‍വുഡ് കൊല്‍ക്കത്തയുടെ കിരീടമോഹങ്ങള്‍ക്കുമേല്‍ അടുത്ത ആണിയടിച്ചു.അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ഗില്ലും(43 പന്തില്‍ 51) മടങ്ങി. ഷര്‍ദ്ദുല്‍ ഠാക്കൂറിനായിരുന്നു വിക്കറ്റ്.
ആദ്യ രണ്ടോവറില്‍ 25 റണ്‍സ് വഴങ്ങിയിട്ടും തന്‍റെ വിശ്വസ്തനായ രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിക്കാനുള്ള ധോണിയുടെ തന്ത്രം വിജയിക്കുന്നതാണ് പിന്നീട് കണ്ടത്. അയ്യരുടെയും സുനില്‍ നരെയ്ന്‍റെയും രണ്ട് തകര്‍പ്പന്‍ ക്യാച്ചുകള്‍ കൈയിലൊതുക്കിയ ജഡേജ ദിനേശ് കാര്‍ത്തിക്കിനെയും(9), ഷാക്കിബ് അല്‍ ഹസനെയും(0) ഒരോവറില്‍ മടക്കി കൊല്‍ക്കത്തയുടെ നടുവൊടിച്ചു.
സിക്സടിച്ച് തുടങ്ങിയ കാര്‍ത്തിക്കിനെ ജഡേജ ബൗണ്ടറിയില്‍ റായുഡുവിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ ഷാക്കിബിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
ഫീല്‍ഡിംഗിനിടെ തുടക്ക് പരിക്കേറ്റ രാഹുല്‍ ത്രിപാഠി ഏഴാമനായി ക്രീസിലിറങ്ങിയെങ്കിലും നടക്കാന്‍ പോലും ബുദ്ധിമുട്ടിയ ത്രിപാഠിക്ക് ഒന്നും ചെയ്യാനായില്ല. പതിനേഴാം ഓവറില്‍ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനെ(4) വീഴ്ത്തി ഹേസല്‍വുഡ് കൊല്‍ക്കത്തയുടെ വിജയപ്രതീക്ഷക്കുമേല്‍ അവസാന ആണിയുമടിച്ചു. ചെന്നൈക്കായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നും ജഡേജയും ഹേസല്‍വുഡും രണ്ടും വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹര്‍ ഒരു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഫാഫ് ഡൂപ്ലെസിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 59 പന്തില്‍ 86 റണ്‍സെടുത്ത ഡൂപ്ലെസിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. റോബിന്‍ ഉത്തപ്പ (15 പന്തില്‍ 31) റുതുരാജ് ഗെയ്ക്‌വാദ് (27 പന്തില്‍ 32), മൊയീന്‍ അലി (20 പന്തില്‍ 37) എന്നിവരും ചെന്നൈ സ്കോറിലേക്ക് മികച്ച സംഭാവന നല്‍കി.
കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍ നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്കും ഷാക്കിബിനും വിക്കറ്റൊന്നും ലഭിച്ചില്ല. നാലോവറില്‍ 56 റണ്‍സ് വഴങ്ങിയ ലോക്കി ഫെര്‍ഗൂസനും നാലോവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത ചക്രവര്‍ത്തിയും മൂന്നോവറില്‍ 33 റണ്‍സ് വഴങ്ങിയ ഷാക്കിബും തീര്‍ത്തും നിറം മങ്ങിയത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി.