ഐപിഎൽ : ആദ്യ മത്സരത്തിൽ ചെന്നൈ കൊൽക്കത്തയെ നേരിടും

വരുന്ന സീസണിലെ ഐപിഎൽ മത്സരക്രമം പുറത്തുവിട്ടു. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് റണ്ണേഴ്സ് അപ്പായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മാർച്ച് 26 ശനിയാഴ്ച രാത്രി 7.30നാണ് മത്സരം. ലീഗ് മത്സരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്ലേ ഓഫ് മത്സരങ്ങളുടെ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

ലീഗ് ഘട്ടത്തിൽ 70 മത്സരങ്ങളാണ് ഉള്ളത്. ഈ മത്സരങ്ങൾ മഹാരാഷ്ട്രയിലെ വാംഖഡെ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, ഡിവൈ പാട്ടിൽ സ്റ്റേഡിയം, ജിയോ സ്റ്റേഡിയം, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നീ വേദികളിലാവും നടക്കുക.

മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതം നടക്കുമ്പോൾ ബ്രാബോൺ സ്റ്റേഡിയത്തിൽ 15 മത്സരങ്ങളുണ്ടാവും.

അതേസമയം, വരുന്ന സീസണിലെ സംപ്രേഷണാവകാശം ഒന്നിലധികം പേർക്ക് നൽകിയേക്കുമെന്ന് സൂചനയുണ്ട്. ഇതിൻ്റെ വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാതൃകയിൽ ഐപിഎൽ സംപ്രേഷണാവകാശം നൽകാനാണ് ബിസിസിഐയുടെ ശ്രമമെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു.

സ്കൈ സ്പോർട്സ്, ബിടി സ്പോർട്ട്, ആമസോൺ പ്രൈം വിഡിയോ, ബിബിസി സ്പോർട്ട് എന്നിവരാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. ഓരോ ചാനലുകളും നിശ്ചിത എണ്ണം മത്സരങ്ങൾ സംപ്രേഷണം നടത്തുകയാണ് പതിവ്.

എന്നാൽ, ഐപിഎലിൽ വിവിധ ചാനലുകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും എല്ലാ മത്സരങ്ങളും സംപ്രേഷണം ചെയ്യാൻ അനുവാദമുണ്ടായിരിക്കും എന്നാണ് റിപ്പോർട്ടിലെ സൂചന. സ്റ്റാർ, സോണി, റിലയൻസ്, ആമസോൺ പ്രൈം വിഡിയോ എന്നിവർക്കാവും സംപ്രേഷണാവകാശമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.

മത്സരത്തിനിടയിലെ സ്ട്രറ്റേജിക്ക് ഇടവേള വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 2 മിനിട്ട് 30 സെക്കൻഡ് നീണ്ട ഇടവേള മൂന്ന് മിനിട്ടാക്കാനാണ് ബിസിസിഐയുടെ ആലോചന. അങ്ങനെയെങ്കിൽ ആ 30 സെക്കൻഡിൽ കൂടി പരസ്യം സംപ്രേഷണം ചെയ്യാനാവും.

 

spot_img

Related Articles

Latest news