ടെഹ്റാൻ: ഇസ്രയേലുമായി സംഘർഷം തുടങ്ങിയതിന് ശേഷം ആദ്യമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പൊതുവേദിയിൽ. ടെഹ്റാനിൽ ഒരു മതപരമായ ചടങ്ങിലാണ് ഖമനേയി പങ്കെടുത്തത്. ഇസ്രയേലുമായുള്ള 12 ദിവസത്തെ വ്യോമയുദ്ധത്തിനിടെ ഖമനേയി സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായി റിപ്പോർട്ടുണ്ടായിരുന്നു.
ഷിയാ മുസ്ലീങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമായ മുഹറത്തിന്‍റെ ഭാഗമായുള്ള അശൂറാഅ ചടങ്ങിലാണ് ഖമനേയി പങ്കെടുത്തത്. ഖമനേയി ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തു. പരമ്പരാഗത കറുത്ത വസ്ത്രം ധരിച്ചാണ് ഖമനേയി എത്തിയത്. ടെഹ്റാനിലെ പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ജൂൺ 13-ന് യുദ്ധം ആരംഭിച്ചതിന് ശേഷം പരമോന്നത നേതാവ് പൊതുവേദികളിൽ വന്നിട്ടില്ല. ഖമനേയി നേരിട്ടുള്ള പൊതുപരിപാടികൾ ഒഴിവാക്കുകയും മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ പുറത്തുവിടുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.