കണ്ണൂർ : തലശേരി﹣ബംഗളൂരു പാതയിലെ ഇരിട്ടിപ്പാലം യാഥാർത്ഥ്യമായി. 88 വർഷത്തെ പഴക്കമുള്ള ഇരിട്ടി ബ്രിട്ടീഷ് പാലത്തിന് ഇനി വിശ്രമകാലം. തലശേരി﹣വളവുപാറ കെഎസ്ടിപി പദ്ധതിയിൽ പഴയപാലത്തിന് സമീപമാണ് പുതിയ പാലം നിർമ്മിച്ചത്.
ബ്രിട്ടനിലെ സ്കോട്ലൻഡ് യാർഡ് അനർക്ക് ഷിറി സ്റ്റീൽ കമ്പനിയിൽ നിർമിച്ച ഉരുക്ക് മേലാപ്പും ഇരുമ്പ് കവചങ്ങളുമായി കരിങ്കൽ തൂണുകളിൽ നിർമിച്ച പാലം കാലപ്പഴക്കത്തിന്റെ പരാധീനത പ്രകടിപ്പിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളെറെയായി. വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന് കുലുക്കവുമുണ്ടായിരുന്നു.
തലശേരി﹣ബംഗളൂരു പാതയിൽ ഇരിട്ടി പുഴക്ക് കുറുകെ നിർമിച്ച പാലത്തിന് ചരിത്രമേറെയുണ്ട്. നിർമിതിയിലെ ചാതുര്യം കണക്കിലെടുത്ത് അന്നത്തെ കരാറുകാരൻ ചിരുകണ്ടൻ മേസ്ത്രിക്ക് ബ്രിട്ടീഷുകാർ റാവു സാഹിബ് പദവി നൽകിയിരുന്നു.
രണ്ട് മഹാപ്രളയങ്ങളിൽപ്പെട്ട് പാലം നിർമാണം തടസ്സപ്പെട്ടെങ്കിലും മന്ത്രി ജി സുധാകരന്റെ കർശന ഇടപെടലിൽ പാലം യാഥാർഥ്യമാവുകയായിരുന്നു. ഇകെകെ കമ്പനിക്കാണ് നിർമാണ മേൽനോട്ടം.