ഇർഷാദ് സ്വർണ്ണം കടത്തിയത് കണ്ണൂരിലേക്കെന്ന് സംശയം; സ്വര്‍ണം വാങ്ങിയ ജ്വല്ലറി ഉടമയ്ക്ക് നോട്ടീസ്

കണ്ണൂര്‍: സ്വര്‍ണക്കടത്ത് സംഘം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം കണ്ണൂര്‍ ജില്ലകേന്ദ്രീകരിച്ചും. യുവാവിനെ അപായപ്പെടുത്തിയ സംഘത്തിന് കണ്ണൂരിലെ ചില ക്വട്ടേഷന്‍ ടീമുകളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. കണ്ണൂരിലെ ചില ജ്വല്ലറി ഉടമകള്‍ക്കു വേണ്ടിയാണ്‌ സ്വര്‍ണംകടത്തിയതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഇതില്‍ ചിലരെ തിരിച്ചറിഞ്ഞതായി വിവരമുണ്ട്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ് സ്‌പോണ്‍സര്‍മാര്‍ ഇവരാണെന്നാണ് വിവരം. ഇതിനിടെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പിടിയിലായി പിന്നീട് കൊല്ലപ്പെട്ട പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ദുബായില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണം എത്തിച്ചത് പാനൂരിലെ ജ്വല്ലറിയിലാണെന്ന് കണ്ടെത്തിയത് കേസിലെ വഴിത്തിരിവായിട്ടുണ്ട്.

പാനൂരിലെ ഒരു പ്രമുഖജ്വല്ലറിയിലേക്കാണ് കള്ളക്കടത്ത് സ്വര്‍ണം എത്തിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതു സംബന്ധിച്ചു ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ജ്വല്ലറിക്ക് നോട്ടീസ് നല്‍കി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈക്കാര്യം വെളിവായത്. കഴിഞ്ഞമെയ് 13നാണ് ഇര്‍ഷാദ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി ഇറങ്ങിയത്. ഇര്‍ഷാദില്‍ നിന്നും ഷമീറാണ് ഈ സ്വര്‍ണം ഏറ്റുവാങ്ങിയത്.

കെമിക്കല്‍ രൂപത്തിലാക്കി കൊണ്ടുവന്ന സ്വര്‍ണം നാദാപുരം പാറക്കടവിലുള്ള സ്വര്‍ണപ്പണിക്കാരനാണ് വേര്‍തിരിച്ചെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.ഇത് ഇവര്‍ പാനൂരിലെ സ്വര്‍ണക്കടയില്‍ നല്‍കി പണം കൈപ്പറ്റിയതിന് പോലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. സ്വാലിഹിന്റെ സംഘം തിരഞ്ഞുവരാതിരിക്കാന്‍ ഷമീര്‍ വൈത്തിരിയിലെ ലോഡ്ജില്‍ ഇര്‍ഷാദിനെ താമസിപ്പിക്കുകയും ചെയ്തു. ചെലവിന് ഷമീറും നിജാസും ഗൂഗിള്‍ പേ വഴി ഇടയ്ക്കിടെ പണം അയച്ചുകൊടുത്തതിന് തെളിവുണ്ടെന്ന് ഇര്‍ഷാദിന്റെ സഹോദരന്‍ ആരോപിച്ചിരുന്നു. അതേസമയം ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി ഉയര്‍ന്നു.

ഇനി പ്രധാനപ്രതികളെയാണ് ഈ കേസില്‍ പിടിയിലാകാനുള്ളത്. കൊലപാതകം ആസൂത്രണം ചെയ്ത കൈതപ്പൊയില്‍ 916 നാസര്‍ എന്നറിയപ്പെടുന്ന സ്വാലിഹും സഹോദരനുമാണ് ഗള്‍ഫിലുള്ളത്. ഈ കേസിലെമറ്റൊരു പ്രതിയായ സൂപ്പിക്കടയിലുെ ഷമീറിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലിസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം സ്വദേശിയും വൈത്തിരി അംബേദ്ക്കര്‍ കോളനിയില്‍ താമസക്കാരനുമായ ശക്തിവേലിനെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റു ചെയ്തിരുന്നു.

www.mediawings.in

spot_img

Related Articles

Latest news