മന്മോഹന് സിങിന്റെ കാലത്തെ കണക്കുകള്‍ പറയുന്നതെന്ത് ?
‘ഞാനൊരു ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചരിത്രം എന്നോട് ദയയുള്ളതായിരിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു’ 2014 ല്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞ വാക്കുകളാണിവ. കേരളത്തിലടക്കം പെട്രോള്‍ വില 100 കടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഒരിക്കല്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്. ക്രൂഡോയില്‍ വിലയുടെ മേല്‍ പഴിചാരിയാണ് കേന്ദ്ര സര്‍ക്കാര്‍ നിലവിലെ ഈ വിലവര്‍ധവിനെ ന്യായീകരിക്കുന്നത്. അവിടെയാണ് മന്മോഹന്റെ ഭരണ മികവ് ഒരിക്കല്‍ കൂടി തിളങ്ങുന്നത്.
മന്മോഹന് സിങിന്റെ കാലത്തെ ക്രൂഡോയില്‍ വിലയും ഇന്ത്യയിലെ പെട്രോള്‍ വിലയും ഒന്ന് പരിശോധിക്കാം. 2009 ജുലൈയില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ ബാരലിന് 69.26 ഡോളറായിരുന്ന സമയത്ത് ഇന്ത്യയില്‍ പെട്രോള്‍ ലഭിച്ചത് 48.76 രൂപയ്ക്കായിരുന്നു.
2010 ജൂണില്‍ ക്രൂഡ് വില ബാരലിന് 75.59 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയില്‍ 55 രൂപ 88 പൈസക്ക് പെട്രോള്‍ വിറ്റിരുന്നു.
2011 ജൂലൈയില്‍ 68.62 രൂപയ്ക്ക് ഇന്ത്യയില്‍ പെട്രോള്‍ ലഭിക്കുന്ന സമയത്ത് ക്രൂഡ് വില ബാരലിന് 95.68 ഡോളറായിരുന്നു.
2012 ജൂലൈയില്‍ ക്രൂഡോയില്‍ വില ബാരലിന് 88.08 ഡോളറായിരുന്ന സമയത്ത് ഇന്ത്യക്കാരന് പെട്രോള്‍ 75.14 രൂപയ്ക്ക് ലഭിച്ചിരുന്നു.
2013 ജൂലൈയില്‍ മന്മോഹന്റെ ഭരണകാലത്തെ ക്രൂഡോയില്‍ വില ബാരലിന് 105.10 രൂപയായിരുന്ന കാലത്ത് അദ്ദേഹം ഇന്ത്യക്കാരന് പെട്രോള്‍ 77 രൂപ 73 പൈസക്ക് ലഭ്യമാക്കിയിരുന്നു.
ഒടുവില്‍ 2014ല്‍ സ്ഥാനമൊഴിയുമ്ബോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 101. 57 ഡോളറായിരുന്നപ്പോള്‍ 82.07 രൂപയ്ക്ക് പെട്രോളും 63.86 രൂപയ്ക്ക് ഡീസലും മന്മോഹന്റെ ഭരണക്കാലത്ത് ഇന്ത്യക്കാരന് ലഭിച്ചിരുന്നു. നിലവില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില ബാരലിന് 71.75 ഡോളറില്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യയില്‍ പെട്രോള്‍ വില നൂറ് കടക്കുന്നത് എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യവര്‍ഷമായ 2014-15 കാലഘട്ടത്തില്‍ പെട്രോള്‍ നികുതിയിലുടെ കേന്ദ്രസര്‍ക്കാറിന് ലഭിച്ച വരുമാനം 29,276 കോടിയാണ്. 2020 മുതല്‍ 2021 ഏപ്രില്‍ വരെ 1,23.166 കോടിയാണ്. വര്‍ധന ഏകദേശം 320.66 ശതമാനം.
2014-15 കാലഘട്ടത്തില്‍ ഡീസല്‍ നികുതിയായി കേന്ദ്രത്തിന് കിട്ടിയത് 42,881 കോടി രൂപയാണ്. 2020 മുതല്‍ 2021 ഏപ്രില്‍ വരെ 2,04,906 കോടി രൂപയാണ്. വര്‍ധനവ് ഏകദേശം 377.85 ശതമാനമാണ്.
ഇന്ത്യയുടെ ജിഡിപി കൂപ്പുകുത്തികൊണ്ടിരിക്കുന്ന നിലവിലെ അവസ്ഥയില്‍ അന്നൊരിക്കല്‍ ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ടപ്പോഴും ഇന്ത്യയെ താങ്ങിനിര്‍ത്തിയ മന്മോഹന്റെ ഭരണമികവ് ഇന്ന് വീണ്ടും ഓര്‍മിക്കപ്പെടുക്കയാണ് – അല്ലെങ്കിലും കാലത്തിന്റെ കാവ്യനീതി അങ്ങനെയാണ്.