ഗാസയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍ ; പത്ത് ലക്ഷം പലസ്തീനികള്‍ പലായനം ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ ഏകദേശം 10 ലക്ഷം ഫലസ്തീനികള്‍ റഫയില്‍ നിന്ന് പലായനം ചെയ്തതായി ഫലസ്തീൻ അഭയാർഥികള്‍ക്കായുള്ള യു.എൻ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) അറിയിച്ചു.റഫയില്‍ ഒരിടവും സുരക്ഷിതമല്ല. കനത്ത ബോംബാക്രമണം തുടരുകയാണ്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം ജനങ്ങളെ വലക്കുന്നു. കൂടാതെ മാലിന്യക്കൂമ്പാരങ്ങളും ഇവിടത്തെ ജീവിത സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സഹായവും സംരക്ഷണവും നല്‍കുന്നത് അസാധ്യമായി മാറിയിട്ടുണ്ടെന്നും യു.എൻ ഏജൻസി വ്യക്തമാക്കി.

റഫയിലെ ആശുപത്രികള്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം ആക്രമിച്ചതോടെ ചികിത്സ സൗകര്യങ്ങളും പ്രതിസന്ധിയിലാണ്. ഇന്തോനേഷ്യൻ ഫീല്‍ഡ് ആശുപത്രിയിലെ മുകള്‍ നിലയില്‍ കഴിഞ്ഞദിവസം ഇസ്രായേല്‍ സൈന്യം ബോംബിട്ടിരുന്നു. ഇവിടെ ആരോഗ്യ പ്രവർത്തകരും രോഗികളും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.കൂടാതെ ഇവിടെ അഭയം പ്രാപിച്ച ഫലസ്തീനി കുടുംബങ്ങളും ദുരിതത്തിലാണ്.

റഫയിലെ കുവൈത്ത് സ്പെഷാലിറ്റി ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ആശുപത്രിയുടെ ഗേറ്റിന് പുറത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു. ഇതോടെ ആശുപത്രി അടച്ചിട്ടിരിക്കുകയാണ്.

കഴിഞ്ഞദിവസം അഭയാർഥി ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ 249 പേരില്‍ ഭൂരിഭാഗവും ഈ ആശുപത്രിയിലാണ് ചികിത്സ തേടിയിട്ടുള്ളത്. ഇസ്രായേല്‍ അധിനിവേശ സേന റഫയിലെ സൈനിക നടപടി വ്യാപിപ്പിക്കുകയും ആശുപത്രിയെ ആസൂത്രിതമായി ലക്ഷ്യമിടുകയും ചെയ്യുന്നതിനാലാണ് പ്രവർത്തനം നിർത്തിയതെന്ന് ആശുപത്രി ഡയറക്ടർ ഡോ. സുഹൈബ് അല്‍ ഹംസ് പറഞ്ഞു.

ആശുപത്രി പ്രവർത്തനം നിർത്തുന്നത് റഫയിലെ ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് തീർക്കുകയെന്ന് ഓർത്തോപീഡിക് സർജൻ ഡോ. മുഹമ്മദ് താഹിർ വ്യക്തമാക്കി. ബഹുമുഖ ആക്രമണമാണ് ഇവിടെ തങ്ങള്‍ അഭിമുഖീകരിക്കുന്നത്. ആളുകളെ ആക്രമിക്കുക മാത്രമല്ല, ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയുക കൂടിയാണ് ഇസ്രായേല്‍ ചെയ്യുന്നതെന്നും താഹിർ പറഞ്ഞു.

കുവൈത്ത് ആശുപത്രിയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ആശുപത്രിയായിരുന്നു. ഇനി ആളുകളെ മാറ്റുന്നത് അല്‍ മവാസിയിലേക്കാണ്. അവിടെ പൂർണമായും സജ്ജമാക്കാത്ത ഫീല്‍ഡ് ആശുപത്രിയാണുള്ളത്. ആംബുലൻസുകളുടെ യാത്ര സൈന്യം നിയന്ത്രിക്കുന്നുണ്ട്. അതിനാല്‍ പരിക്കേറ്റവർക്ക് സഹായം പോലും ലഭിക്കാത്ത സാഹചര്യമാണെന്നും താഹിർ പറഞ്ഞു.

ഇസ്രായേലിന്റെ ക്രൂരതക്കെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുമ്പോഴും യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ തുടരുകയാണ് നേതൃത്വം. യുദ്ധം അവസാനിപ്പിക്കുന്നതിനെ താൻ ശക്തമായി എതിർക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, നെതന്യാഹുവിന്റെ ജനപ്രീതി ഇസ്രായേലില്‍ കുത്തനെ ഇടിയുകയാണെന്ന പുതിയ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. 70 ശതമാനം പേരും അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാൻ ആഗ്രഹിക്കുന്നതായി ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ നടത്തിയ സർവേയില്‍ വ്യക്തമാക്കുന്നു.

യുദ്ധം 235 ദിവസം പിന്നിട്ടപ്പോള്‍ 36,096 പേരാണ് ഗാസ്സയില്‍ കൊല്ലപ്പെട്ടത്. 81,136 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് കൂട്ടക്കൊലകളാണ് നടത്തിയത്. ഇതില്‍ 46 പേർ മരിക്കുകയും 110 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പടിഞ്ഞാറൻ, മധ്യ റഫയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 16 പേരാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്.

spot_img

Related Articles

Latest news