ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി.രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നിലവിലെ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആണ് പുതിയ പ്രതിരോധ മന്ത്രി. കാറ്റ്‌സിന് പകരം ഗിദിയോന്‍ സാര്‍ പുതിയ വിദേശകാര്യ മന്ത്രിയാകും. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, പുറത്താക്കിയതിന് പിന്നാലെ ഗലാന്റ് സാമൂഹികമാധ്യമമായ എക്സില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇസ്രയേലിന്റെ സുരക്ഷയ്ക്കായിരിക്കും എല്ലായ്പ്പോഴും തന്റെ മുന്‍ഗണനയെന്നും അന്നും എന്നും രാജ്യത്തിന്റെ സുരക്ഷയാണ് തന്റെ ജീവിതത്തിന്റെ ദൗത്യമെന്നും അത് തുടരുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
അതേസമയം, ഗസ്സക്കു പിന്നാലെ ലബനാനിലും കൂട്ടക്കുരുതി തുടരുന്നതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പുമായി യൊആവ് ഗാലന്റ് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇസ്രായേലിന്റെ യുദ്ധ തന്ത്രങ്ങള്‍ക്ക് വ്യക്തമായ ദിശയില്ലെന്നും ലക്ഷ്യങ്ങള്‍ പുതുക്കി നിശ്ചയിക്കണമെന്നും രഹസ്യ കത്തില്‍ പറയുന്നു.
ഇറാനില്‍ വ്യോമാക്രമണം നടത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് നെതന്യാഹുവിനും സുരക്ഷ മന്ത്രിസഭക്കും ഗാലന്റ് രഹസ്യ കത്ത് അയച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ ആശങ്കകള്‍ കത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഇസ്രായേലിനുള്ള ഭീഷണികള്‍ വര്‍ധിക്കുകയാണ്. യുദ്ധ ലക്ഷ്യങ്ങള്‍ക്ക് വേഗമില്ല. ഇത് മന്ത്രിസഭാ തീരുമാനങ്ങള്‍ പാളുന്നതിനു കാരണമാകുമെന്നും ഗാലന്റ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.