ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ചാരകേസില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ ഉന്നതതല സമിതി സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2018 സെപ്റ്റംബറിലാണ് ഐ.എസ്.ആര്‍.ഒ. ചാരകേസിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്.
കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി ബി കെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയില്‍ ഉള്ളത്.
2020 ഡിസംബര്‍ 14, 15 തിയതികളില്‍ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നമ്പി നാരായണന്റെ ഭാഗം സമിതി വിശദമായി കേട്ടിരുന്നു. നമ്പി നാരായണന്റെ അന്യായമായ അറസ്റ്റില്‍ 10 ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി നേരത്തെ സി.ബി.ഐ കണ്ടെത്തിയിരുന്നു.