കൊച്ചി: ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ ചിത്രങ്ങൾ തുടർച്ചയായി റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ നടൻ ഫഹദ് ഫാസിലിനെ വിലക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഫഹദുമായോ ഫഹദിന്റെ ചിത്രങ്ങളുമായോ സംഘടനക്ക് തർക്കമില്ലെന്നും തിയറ്ററുകളിൽ വിലക്കില്ലെന്നും ഫിയോക്ക് അറിയിച്ചു.
ഒ.ടി.ടി പ്ലാറ്റ്ഫോമുകളുമായി സഹകരിച്ചാൽ ഫഹദിന്റെ ചിത്രങ്ങൾ തിയറ്റർ കാണില്ലെന്ന് ഫിയോക്ക് മുന്നറിയിപ്പ് നൽകിയെന്നായിരുന്നു വാർത്തകൾ. ഫഹദ് ഏറെ പ്രതീക്ഷ പുലർത്തുന്ന മഹേഷ് നാരായണന്റെ ‘മാലിക്’ പെരുന്നാളിന് തിയറ്ററുകളിലെത്താനിരിക്കുകയാണ്. ഇനി ചിത്രങ്ങൾ ഒ.ടി.ടിയിൽ ഇറക്കിയാൽ മാലിക് ഉൾപ്പടെയുള്ള സിനിമകളെ അത് ദോഷകരമായി ബാധിക്കുമെന്ന് സംഘടന താക്കീത് നൽകിയെന്നായിരുന്നു റിപ്പോർട്ട്.
ഫഹദ് ഫാസിലിന്റെ സീ യൂ സൂണ്‍, ഇരുള്, ജോജി എന്നീ മൂന്ന് ചിത്രങ്ങൾ ഒ.ടി.ടി റിലീസിനെത്തിയിരുന്നു. സീ യൂ സൂണ്‍, ജോജി എന്നീ ചിത്രങ്ങള്‍ ആമസോണിലും ഇരുള് നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തത്. സീ യൂ സൂണും ജോജിയും മികച്ച അഭിപ്രായം നേടിയപ്പോൾ ഇരുളിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.