ഐ ടി രംഗത്ത് വീട്ടിലിരുന്ന് ജോലി തുടരും

കൊച്ചി: ഐടി രംഗത്ത് കേരളത്തിലും പുറത്തുമുള്ള ഭൂരിപക്ഷം കമ്പനികളും ടെക്കികളെ ഉടനെ ഓഫിസിലേക്കു തിരികെ വിളിക്കുന്നില്ല . വിദേശ കമ്പനികളുടെ കേരളത്തിലെ ഓഫിസുകളില്‍ മാത്രമല്ല കേരളത്തിലെ മലയാളി കമ്പനികളിലും സ്ഥിതി സമാനമാണ്. കോവിഡ് വാക്‌സിനേഷന്‍ പാതി പേരിലെങ്കിലും എത്തിയിട്ടു മതിയെന്നാണു കമ്പനികളുടെ പൊതുവെയുള്ള നിലപാട്. വര്‍ക്ക് ഫ്രം ഹോം മൂലം സോഫ്റ്റ്വെയര്‍ വികസനത്തിലോ മറ്റ് ഐടി പ്രോജക്ടുകളിലോ തടസ്സമുണ്ടായില്ലെന്നു മാത്രമല്ല ഉല്‍പാദനക്ഷമത വര്‍ധിക്കുകയും ചെലവു കുറയുകയും ചെയ്തു.

കൂടാതെ വിദേശത്തെ ഇടപാടുകാരുടെ ഓഫിസുകളിലേക്കുള്ള വിമാനയാത്രകള്‍ നിലച്ചത് ചെലവുചുരുക്കല്‍ സാധ്യമാക്കി. പ്രമുഖ കേരള കമ്പനിക്കു വര്‍ഷം 200 കോടിയിലേറെയാണ് വിദേശയാത്രകള്‍ക്കു വന്നിരുന്ന ചെലവ്.

അതു പൂര്‍ണമായി ലാഭിച്ചു. ഐടി പാര്‍ക്കുകള്‍ക്കു പുറത്തുള്ള കമ്പനികള്‍ക്ക് വൈദ്യുതി, വെള്ളം, ഗതാഗതം, ഭക്ഷണം തുടങ്ങിയ ചെലവുകളിലും കാര്യമായ കുറവു വന്നു. അതിലെല്ലാത്തിലുമുപരിയായി അമേരിക്കയും യൂറോപ്പും മറ്റുമായുള്ള സമയവ്യത്യാസത്തിലെ ബുദ്ധിമുട്ടുകള്‍ വര്‍ക്ക് ഫ്രം ഹോമില്‍ ഇല്ലാതായി.

ഇന്ത്യയിലാകെ 16000 ജീവനക്കാരുള്ള യുഎസ്ടി ഗ്‌ളോബലില്‍ 1200 പേര്‍ ഓഫിസില്‍ വന്ന് ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയാകെ ഏറ്റവും കൂടുതല്‍ ടെക്കികളുള്ള ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നീ കമ്പനികളിലെ 98%പേരും വീട്ടിലിരുന്നാണു ജോലി.

 

മീഡിയ വിങ്സ്

spot_img

Related Articles

Latest news