ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസിന്റെ വിചാരണ സുപ്രിംകോടതി അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇറ്റലി കെട്ടിവച്ച സാഹചര്യത്തിലാണ് തീരുമാനം. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ചിന്റേതാണ് നടപടി.
കടല്‍ക്കൊലക്കേസില്‍ പത്ത് കോടി നഷ്ടപരിഹാരത്തുക കഴിഞ്ഞ ദിവസമാണ് ഇറ്റലി കേന്ദ്രസര്‍ക്കാര്‍ വഴി സുപ്രിംകോടതിയില്‍ കെട്ടിവച്ചത്. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാല് കോടി വീതവും, ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്.
നഷ്ടപരിഹാരം നല്‍കിയ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറെ ജെറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവരുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒന്‍പത് വര്‍ഷമായി സുപ്രിംകോടതിയുടെ പരിഗണനയിലായിരുന്നു.