ദമ്മാം: സൌദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നടന്നു വരുന്ന ഐടിഎൽ നവോദയ ഫെസ്റ്റിന്റെ അവസാന ഘട്ട കേന്ദ്രതല മത്സരങ്ങൾക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. സംസ്ഥാന സ്കൂൾ കലോത്സവ മാതൃകയിൽ വിവിധ തലങ്ങളിലായി നടത്തിവന്ന മത്സരങ്ങൾ ഇതിനോടകം സമാപിച്ചു. ജനകീയ പങ്കാളിത്തത്തോടെ നടത്തപ്പെട്ട മത്സരങ്ങൾ കോവിഡ് കാരണവും ദീർഘകാല പ്രവാസം കാരണവും ഊഷരമായ സർഗ്ഗ വാസനകളെ പൊടിതട്ടിയെടുത്ത് ഊർവരമാക്കാൻ സഹായിച്ചു. നവംബർ 26നു രാവിലെ ഒൻപത് മണി മുതൽ തിരശീല ഉയരും.
350 കലാപ്രതിഭകൾ അണിനിരക്കുന്ന കലയുടെ മാമാങ്കം 31 ഇന ങ്ങളിലായി അഞ്ചു വേദികളിൽ വച്ച് നടക്കും. ഫുഡ് കോർട്ട്, ചിത്രപ്രദർശനം, കേരളീയവും ഭാരതീയവും സൌദിയിലെയും കരകൌശല വസ്തുക്കളുടെ പ്രദർശനം, പുസ്തകശാല, തത്സമയ ചിത്രരചന എന്നിങ്ങനെ വിവിധ പരിപാടികൾ കാലോത്സവത്തോട് അനുബന്ധിച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ ചരിത്രത്തിൽ തന്നെ അപൂർവമായ ജനകീയ കലാമത്സരപരിപാടിയായി ഇത് മാറും.