കോഴിക്കോട്:വർദ്ധിച്ച് വരുന്ന ലഹരി വ്യാപനത്തിന്നെതിരെ ശക്തമായ ജിഹാദ് നടത്താൻ സമയമായെന്ന് കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.ഹുസൈൻ മടവൂർ പ്രസ്താവിച്ചു. കോഴിക്കോട് പാളയം ജുമാ മസ്ജിദിൽ ഖുതുബാ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാർക്കോട്ടിക് ജിഹാദല്ല, നാർക്കോട്ടിക് വിരുദ്ധ ജിഹാദാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജിഹാദെന്നാൽ നന്മക്ക് വേണ്ടിയുള്ള കഠിന പരിശ്രമം നടത്തലാണ്. ജിഹാദ് എന്ന വാക്കിന് വിശുദ്ധ യുദ്ധം എന്നർത്ഥമില്ല. ഖുർആൻ വചനങ്ങൾ പറഞ്ഞ് കൊടുക്കലും പഠിപ്പിക്കലും വലിയ ജിഹാദാണെന്ന് ഖുർആൻ പറയുന്നു.
മാതാപിതാക്കളെ ശുഷ്രൂഷിക്കലും പരിചരിക്കലും ജിഹാദ് ആണെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്.
എല്ലാ നന്മകളുടെയും പ്രചാരണത്തിന്നും തിന്മകളുടെ വിപാടനത്തിന്നും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ജിഹാദ് തന്നെയാണ്.
കേരളക്കാർക്ക് ഇതറിയാവുന്നതാണ്. മലപ്പുറം ജില്ലയിൽ അരീക്കോട് പ്രദേശത്ത് 1944ൽ എൻ.വി.അബ്ദുസ്സലാം മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്ന ജംഇയ്യത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ, സാംസ്കാരിക, മത രംഗങ്ങളിൽ വലിയ ജിഹാദാണ് നടത്തുന്നത്. പിന്നീട് സ്ഥാപിതമായ കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാനമൊട്ടുക്കും നടത്തുന്നത് മനുഷ്യനന്മയിലധിഷ്ഠിതമായ തുല്യതയില്ലാത്ത പ്രവർത്തനങ്ങളാണ്.
അതിന്റെ ഫലങ്ങൾ എല്ലാ മതവിശ്വാസികൾക്കും മതമില്ലാത്തവർക്കും ലഭിക്കുന്നുണ്ട്. ഇതാണ് ജിഹാദ്. ഇത്തരം ജനസേവന പ്രവർത്തനങ്ങൾ നടത്തുകയും യഥാർത്ഥ ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നവരാണ് മുജാഹിദുകൾ എന്നും അദ്ദേഹം വ്യക്തമാക്കി.
ജിഹാദും യുദ്ധവും രണ്ടാണെന്ന് ഖുർആൻ വചനങ്ങൾ ഉദ്ധരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
ഇസ്ലാം യുദ്ധം ഇഷ്ടപ്പെടുന്നില്ല. ജിഹാദ് എന്ന പദത്തിന്റെ അർത്ഥം പരിശ്രമം എന്നാണ്.
ആദ്യം ജിഹാദ് നടത്തേണ്ടത് സ്വന്തം മനസ്സിനോടും പൈശാചിക ചിന്തകളോടുമാണ്. ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ചു കൊണ്ടുവരാൻ അല്ലാഹു കല്പിച്ചിട്ടില്ല. സ്വന്തമിഷ്ട പ്രകാരം തിരഞ്ഞെടുത്ത മതം സ്വീകരിക്കുവാൻ എല്ലാവർക്കും അനുവാദമുണ്ടാവണം. മതമുള്ളവനോടും മതമില്ലാത്തവനോടും നല്ല നിലയിൽ വർത്തിക്കുക എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം എന്ന ഖുർആൻ വചനത്തിലൂടെ ഓരോരുത്തർക്കും അവനവന്റെ വിശ്വാസ ആചാരങ്ങളനുസരിച്ചു ജീവിക്കുവാൻ സ്വാതന്ത്ര്യമുണ്ടാവണം. മത കാര്യത്തിൽ ആരെയും നിർബന്ധിക്കരുതെന്നും ഉൽബോധനം മാത്രമേ പാടുള്ളുവെന്നും അല്ലാഹു നബിയോട് പറഞ്ഞതായി ഖുർ ആനിലുണ്ട്. അദ്ദേഹം വിശദീകരിച്ചു.