കോവിഡ് വന്നതു മുതല്‍ ലോകം നേരിടുന്നതും അതിജീവിക്കാന്‍ ശ്രമിക്കുന്നതുമായ ആശങ്ക ജോലിക്കാര്യത്തിലാണ്. പുതുതലമുറ ജോലികളിലും ഐടി മേഖലയിലും തന്നെയാണ് ഏറ്റവും ആശങ്ക . കോവിഡ് കാലം കുറെ മുന്നോട്ടു പോയി അടച്ചിടലൊക്കെ തുടര്‍ന്നപ്പോള്‍ തന്നെ പല കമ്പനികളും രഹസ്യമായി പിരിച്ചുവിടലുകള്‍ തുടങ്ങിയിരുന്നു.
പിന്നീട് പരസ്യമായിത്തന്നെ ആളുകളെ കുറച്ചു. രണ്ടാം തരംഗം വന്നതോടെ കാര്യങ്ങള്‍ മുമ്പത്തേക്കാൾ ഗുരുതരമായി. കൂടുതല്‍ പേര്‍ ജോലിയില്‍നിന്ന് പുറത്താകുന്ന സാഹചര്യമായി. എല്ലാ തൊഴില്‍ മേഖലകളിലും ഇതേ സാഹചര്യം ഉണ്ടെങ്കിലും ഐടിയിലാണ് കാര്യങ്ങള്‍ കടുപ്പമായത്. ജോലി പോയാല്‍ എന്തു ചെയ്യുമെന്ന ആശങ്ക ചില്ലറയല്ല.
മുന്നിലെ വഴികളടഞ്ഞ് ആശങ്കയുടെ തീരത്തായവര്‍ക്ക് ആശ്വാസത്തിന്റെ വഴി തുറക്കുകയാണ് ചാലക്കുടിയിലെ ഒരു ഐടി കമ്പനി. ജോബിന്‍ ആന്‍ഡ് ജിസ്മി ഐ ടി സര്‍വീസസ് എന്ന സ്ഥാപനം കോവിഡ് മൂലം ജോലി പോയവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചതായാണ് അറിയിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ: പ്രിയ സുഹൃത്തുക്കളേ,ഈ കാലഘട്ടത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കമ്പനി എന്ന നിലയില്‍ ജോബിന്‍ ആന്‍ഡ് ജിസ്മി പുതിയ സോഫ്റ്റ്‌വേര്‍ ജോലിക്കാരെ തേടുന്നു. രണ്ടു വിഭാഗത്തിലുള്ള ആളുകള്‍ക്കാണ് മുന്‍ഗണന.
1. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കമ്പനി അടച്ചുപൂട്ടിയതിനാല്‍ ജോലി നഷ്ടപ്പെട്ടവര്‍.
2. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിലും കുടുംബത്തിന് മുന്‍ഗണന നല്‍കി ജോലിക്കു ശ്രമിക്കാതിരുന്ന / ജോലി ഉപേക്ഷിച്ച സ്ത്രീകള്‍.
ജോലി നഷ്ടപ്പെടുന്നവര്‍ പലരും പലതരം പ്രശ്നങ്ങളും ഉത്തരവാദിത്തങ്ങളും ഉള്ളവരായിരിക്കാം. അവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്തുക ചിലപ്പോള്‍ അത്ര എളുപ്പമായിരിക്കില്ല. ഈ സാഹചര്യത്തിലാണ് അങ്ങനെയുള്ളവര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചതെന്ന് സ്ഥാപനത്തിന്റെ സിഇഒ ജോബിന്‍ ജോസ് പെരികിലമലയില്‍ പറയുന്നു.
പലരും അതീവ ടാലന്റുള്ളവരായിരിക്കാം. എന്നാല്‍ ആ മേഖലയില്‍ ജോലി നേടാനായില്ലെങ്കില്‍ അവര്‍ മറ്റു മേഖലകളിലെ ജോലി തേടേണ്ട സാഹചര്യവുമുണ്ടാകാം. അതും ഒഴിവാക്കേണ്ടതാണെന്നും ജോബിന്‍ പറയുന്നു.
ഇതിനൊപ്പം കുടുംബ പ്രാരാബ്ധങ്ങളില്‍ പെട്ടും മറ്റും ജോലി തുടരാനാകാതെ വന്നവരോ ജോലിക്കു പോകാനാകാത്തവരുമായ സ്ത്രീകള്‍ക്കും ജോലി ഓഫറുണ്ട്. പലരും വിവാഹത്തോടെയും കുട്ടികളുണ്ടാകുമ്പോഴും ജോലി വിടുന്നതെന്നും അവര്‍ക്ക് ആഗ്രഹമുള്ളപ്പോള്‍ ജോലിക്ക് തിരിച്ചുകയറാന്‍ സാഹചര്യമൊരുക്കണമെന്നുമുള്ള ചിന്തയാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സിടിഒ ജിസ്മി ജോബിന്‍ പറയുന്നു.
വിവാഹത്തോടെ ജോലി വിടുന്നവരാണ് ഏറെ. പലരും ഉന്നത ബിരുദങ്ങളും സാങ്കേതിക പരിജ്ഞാനം ഉള്ളവരുമായിരിക്കാം. പ്രാരാബ്ധങ്ങളില്‍ കുടുങ്ങി ജോലി വിടേണ്ടിവരുന്നവര്‍ പ്രൊഫഷണല്‍ ലോകം തിരിച്ചുപിടിക്കണമെന്ന് ആഗ്രഹിക്കാതിരിക്കില്ല. കുട്ടികള്‍ ഒരു പരിധിവരെ വളര്‍ന്നു കഴിയുമ്പോൾ അവരില്‍ പലരും തിരിച്ചു ജോലിയില്‍ വരാന്‍ ആഗ്രഹിക്കുന്നവരാണ്.
എന്നാല്‍ കുറച്ചുകാലം മാറിനിന്നത് അവരുടെ ജോലി സാധ്യതയെ പ്രതികൂലമായി ബാധിക്കും. പലര്‍ക്കും തിരികെ വരാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് അത്തരക്കാര്‍ക്ക് അവരുടെ ലോകത്തേക്ക് വഴിയൊരുക്കാന്‍ ആലോചിച്ചതെന്നും ജിസ്മി പറഞ്ഞു.
2012ലാണ് ചാലക്കുടി ആസ്ഥാനമായി ജോബിന്‍ ആന്‍ഡ് ജിസ്മി ഐ ടി സൊലൂഷന്‍സ് തുടങ്ങിയത്. മാധ്യമപ്രവര്‍ത്തകനായിരുന്ന ജോബിനും ഐടി പഠനം കഴിഞ്ഞ ജിസ്മിയും ആയിരുന്നു ആദ്യത്തെ ജീവനക്കാര്‍. ഉടമകളും ജീവനക്കാരും ഒരേ ആള്‍ക്കാരായ കമ്പനി. പിന്നീട് പതുക്കെ പതുക്കെ ഹയറിംഗ് തുടങ്ങി. ഇപ്പോള്‍ നൂറു പേരാണ് ജീവനക്കാര്‍. പുതിയ നിയമനങ്ങളിലുടെ മുപ്പതുപേരെക്കൂടി സ്ഥാപനത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം.
അഭിരുചി പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്‍, മെഷീന്‍ ടെസ്റ്റ് എന്നീ പതിവു കടമ്പകളെല്ലാം കടന്നു തന്നെയാണ് നിയമനം. പരീക്ഷയ്ക്കു തയാറെടുക്കാന്‍ അപേക്ഷകര്‍ക്ക് രണ്ടാഴ്ച സമയം നല്‍കും. തെരഞ്ഞെടുക്കപ്പെട്ടാല്‍ വാക്സിന്‍ എടുത്തയുടന്‍ ജോലിയില്‍ പ്രവേശിക്കാം.