ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദം കാരണം ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജറും തൃശൂർ സ്വദേശിനിയുമായ കെ എസ് സ്വപ്‌നയുടെ ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മർദ്ദമാണ് എന്നുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടത്.
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തേ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം കാനറാ ബാങ്ക് കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ റിപ്പോർട്ട് സമർപ്പിക്കണം. കാനറാ ബാങ്ക് റീജണൽ മാനേജറും റിപ്പോർട്ട് നൽകണം.
സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ജീവനക്കാർ അനുഭവിക്കേണ്ടി വരുന്ന സമ്മർദ്ദത്തെ കുറിച്ച് പരിശോധന നടത്തി സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി(എസ് എൽ ബി സി ) കൺവീനർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും
കമ്മീഷൻ ആവശ്യപ്പെട്ടു.