പാലക്കാട് : കാട്ടാന ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എവി മുകേഷാണ് കൊല്ലപ്പെട്ടത്.
പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. 34 വയസ്സായിരുന്നു. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. പുഴ കടന്നെത്തിയ കാട്ടാന വാര്‍ത്താ സംഘത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു.
മൂന്നംഗ വാർത്താ സംഘമാണ് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടാനകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയത്. ഇതിനിടെ അപ്രതീക്ഷിതമായി കാട്ടാന സംഘത്തിനു നേരെ തിരിയുകയായിരുന്നു. ചിതറിയോടിയ സംഘത്തിലെ മുകേഷ് നിലത്തു വീണതോടെയാണ് ആന ചവിട്ടിയത്. ഇടുപ്പിന്റെ ഭാഗത്താണ് ചവിട്ടേറ്റത്.
ഉടന്‍ തന്നെ പാലക്കാട് ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായിരുന്നു.
ദീര്‍ഘകാലം ഡല്‍ഹിയില്‍ ക്യാമറാമാനായി ജോലി ചെയ്തിരുന്നു. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന അതിജീവനംഎന്നപേരില്‍ മാതൃഭൂമി ഡോട്ട് കോമില്‍ നൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.