കേരള ജമാഅത്തെ ഇസ്ലാമിയുടെ മുൻ അമീർ പ്രൊഫ. കെ. എ. സിദ്ദീഖ് ഹസൻ അന്തരിച്ചു. 76 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കോഴിക്കോട് കോവൂരിലെ മകന്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
മയ്യിത്ത് വൈകുന്നേരം നാല് മണിമുതൽ 10.30 വരെ വെള്ളിമാടുകുന്ന് പ്രബോധനത്തിൽ പൊതുദർശനത്തിന് വെക്കും. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30 ന് കോഴിക്കോട് വെള്ളിപ്പറമ്പ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
തൃശ്ശൂർ ജില്ലയിലെ എറിയാട് 1945 മേയ് 5നായിരുന്നു ജനനം . വി കെ സുബൈദയാണ് ഭാര്യ. മക്കൾ: ഫസലുർറഹ്മാൻ, സാബിറ, ശറഫുദ്ദീൻ, അനീസുർറഹ്മാൻ.
ഇസ്ലാമിക പണ്ഡിതൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രശസ്തനായിരുന്നു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ, ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ ഡവലപ്മെന്റ് ഫൗണ്ടേഷന്റെ വിഷൻ 2016 പദ്ധതിയുടെ പ്രഥമ ഡയറക്ടർ, 1990 മുതൽ 2005 വരെയുള്ള വർഷങ്ങളിൽ കേരള ജമാഅത്തെ ഇസ്ലാമിയുടെ അമീർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നു.
ഇന്ത്യയിലെ സാമൂഹിക-സാമൂഹിക-വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവർത്തിക്കുന്ന അനേകം പ്രൊജക്ടുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്, എ.പി.സി.ആർ, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, മെഡിക്കൽ സർവിസ് സൊസൈറ്റി എന്നിവയുടെ ജനറൽ സെക്രട്ടറിയായിരുന്നു.
കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടിൽ ജനനം. ഫറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജ്, ശാന്തപുരം ഇസ്ലാമിയ കോളേജ് എന്നിവിടങ്ങളിൽ നിന്നായി അഫ്ദലുൽ ഉലമയും എം എ (അറബിക്) യും കരസ്ഥമാക്കി.
മാധ്യമം ദിനപത്രം-വാരിക നിലകൊള്ളുന്ന ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. തുടർന്ന് ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ ചെയർമാനായും, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ആന്റ് ക്രെഡിറ്റ് ലിമിറ്റഡിന്റെ അദ്ധ്യക്ഷനായും, ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും പ്രബോധനം വാരികയുടെ മുഖ്യപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സൗദി അറേബ്യ, കുവൈത്ത്, ബഹറൈൻ, ഒമാൻ, യു എ ഇ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. മുസ്ലിം സമുദായക്ഷേമ പ്രവർത്തനത്തിനുള്ള ഇസ്ലാം ഓൺലൈൻ ഏർപ്പെടുത്തിയ 2010 ലെ ഇസ്ലാമിക് ഓൺലൈൻ സ്റ്റാർ അവാർഡ്, 2015ലെ ഇമാം ഹദ്ദാദ് എക്സലൻസ് അവാർഡ്, ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ഫൗണ്ടേഷൻെറ പ്രഥമ പുരസ്കാരം എന്നിവ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
പ്രവാചക കഥകൾ, ഇസ്ലാം ഇന്നലെ ഇന്ന് നാളെ, തെറ്റിദ്ധരിക്കപ്പെട്ട മതം, ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ എന്നെ വിവർത്തന കൃതികൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്