കണ്ണൂർ: എംവി ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഒഴിവുവന്ന കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കെകെ രാഗേഷിനെ നിയോഗിച്ചു.ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യോഗം ചേർന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ കെകെ രാഗേഷിനാണ് സെക്രട്ടറി സ്ഥാനത്തേക്ക് കൂടുതല്‍ സാദ്ധ്യത കല്‍പ്പിച്ചിരുന്നത്. രാജ്യസഭയില്‍ മികച്ച പ്രകടനം നടത്തിയിരുന്ന ഇദ്ദേഹം മുഖ്യമന്ത്രിയുടെ വിശ്വസ്തനും കൂടിയാണ്.
എസ്‌എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ച ഏക മലയാളിയാണ് രാഗേഷ്. അഖിലേന്ത്യാ കിസാൻസഭ ജോയിന്റ് സെക്രട്ടറി എന്ന നിലകളില്‍ ഡല്‍ഹിയില്‍ നടന്ന കർഷകസമരത്തിന്റെ മുൻനിരയില്‍ തിളങ്ങിയതും രാഗേഷിന്റെ പേരിന് മുൻതൂക്കം നല്‍കുന്ന ഘടകങ്ങളായിരുന്നു.
കണ്ണൂർ കാഞ്ഞരോട്ടെ സി ശ്രീധരന്റെയും കർഷക തൊഴിലാളിയായ കെകെ യശോദയുടെയും മകനായ കെകെ രാഗേഷ് സി.പി.എം സംസ്ഥാനകമ്മിറ്റിയംഗമാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. 55 വയസാണ്. എസ്‌എഫ്‌ഐ.യുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും ഉയർന്ന നേതാവ് കൂടിയാണ്.