തിരുവനന്തപുരം: ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തിൽ കുടുംബം നേരിടുന്ന നീതിനിഷേധത്തെക്കുറിച്ച് ഇന്ന് പിസി വിഷ്ണുനാഥ് നിയമസഭയെ ഓര്‍മ്മിപ്പിച്ചു. ആ സമയത്ത് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഉദ്യോഗസ്ഥ ഗ്യാലറിയില്‍ ഇരുന്ന് അത് കേള്‍ക്കുന്നുണ്ടായിരുന്നു.
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു വിഷ്ണുനാഥ് കെ എം ബഷീറിന്റെ രണ്ടാം ചരമവാര്‍ഷികം സഭയെ ഓര്‍മ്മിപ്പിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കെ ടി ജലീല്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു വിഷ്ണുനാഥ് വിഷയം സഭയിലെത്തിച്ചത്. ആരോഗ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേരുന്നവര്‍ ബഷീറിന്റെ മരണം നടന്നിട്ട് രണ്ടുവര്‍ഷം പിന്നിട്ടെന്ന് കൂടി ഓര്‍ക്കണമെന്ന് വിഷ്ണുനാഥ് ഓര്‍മ്മിപ്പിച്ചു.
‘സഭയില്‍ റിപ്പോര്‍ട്ടിംഗിന് എത്തുമ്പോൾ ചിരിച്ച മുഖത്തോടെയല്ലാതെ ബഷീറിനെ ഞങ്ങളാരും കണ്ടിട്ടില്ല. അങ്ങനെ സഭയുടെ പ്രസ് ഗ്യാലറിയില്‍ സുസ്മേര വദനനായി ഇരിക്കേണ്ടയാളായിരുന്നു കെ എം ബഷീര്‍’- പി സി വിഷ്ണുനാഥ് പറഞ്ഞു. ഈ സമയം, ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമന്‍ സഭയുടെ ഉദ്യോഗസ്ഥ ഗാലറിയിലുണ്ടായിരുന്നു.
കെഎം ബഷീര്‍ ആ ഗാലറിയില്ലെങ്കിലും അദ്ദേഹത്തെ കാറിടിച്ചുകൊലപ്പെടുത്തിയ പ്രതി ആരോഗ്യവകുപ്പില്‍ ഉന്നത സ്ഥാനവുമായി ഇപ്പോഴും സര്‍വ്വീസിലുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. അതേസമയം, ആരോഗ്യമന്ത്രിയുടെ മറുപടി പ്രസംഗത്തില്‍ ഇതേക്കുറിച്ച് യാതൊരു പരാമര്‍ശവും ഉണ്ടായില്ല