വിവാദങ്ങൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ, കെ റെയിൽ സംഘടിപ്പിപ്പിക്കുന്ന സിൽവർ ലൈൻ സംവാദം ഇന്ന്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് സംവാദം.
വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ് എന്ന പേരിലാണ് കെ റെയിൽ സംവാദം സംഘടിപ്പിക്കുന്നത്. നിഷ്പക്ഷ ചർച്ചക്ക് വേദിയൊരുക്കുന്നു എന്നായിരുന്നു കെ റെയിലിന്റെ അവകാശവാദം.
എന്നാൽ, ആദ്യം ക്ഷണിച്ച ജോസഫ് സി മാത്യുവിനെ വിമർശകരുടെ പാനലിൽ നിന്ന് പിന്നീട് ഒഴിവാക്കിയത് വിവാദമായി. ചർച്ച നടത്തേണ്ടത് കെ റെയിൽ അല്ല, സർക്കാരാണെന്ന നിലപാടുയർത്തി അലോക് വർമയും രംഗത്ത് എത്തിയതോടെ അവസാന മണിക്കൂറിൽ അനിശ്ചിതത്വമായി.
സംവാദത്തിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുന്നയിച്ച് അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും പിന്മാറിയതോടെ സംവാദം അടിമുടി വിവാദത്തിലും അനിശ്ചിതത്വത്തിലുമായി. എന്നാൽ പ്രതിഷേധങ്ങൾ മറികടന്നു പദ്ധതിയുമായി മുന്നോട്ട് പോകുന്ന കെ റെയിൽ, സംവാദത്തിന്റെ കാര്യത്തിലും വിമർശനങ്ങൾ മുഖവിലക്ക് എടുക്കാതെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ന് രാവിലെ 11 ന് തിരുവനന്തപുരത്താണ് സംവാദം. വിരമിച്ച റയിൽവേ ബോർഡ് മെമ്പർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. കുഞ്ചെറിയ പി ഐസക്, എസ് എൻ രഘു ചന്ദ്രൻ നായർ തുടങ്ങി മൂന്നു പേരാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ പാനലിൽ ഉള്ളത്. എന്നാൽ, ആർ വി ജി മേനോൻ മാത്രമാണ് എതിർക്കുന്നവരുടെ പാനലിൽ ഉള്ളത്.
ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള തട്ടിക്കൂട്ട് സംവാദം, വെറും പ്രഹസനമെന്നാണ് പ്രതിപക്ഷ വിമർശനം. ഇന്നത്തെ സംവാദം ഏകപക്ഷീയമെന്ന് ചൂണ്ടിക്കാട്ടി, ജനകീയ പ്രതിരോധ സമിതി മെയ് 4 ന് ബദൽ സംവാദം പ്രഖ്യാപിച്ചിട്ടുണ്ട്.