വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട്; ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന് ഹൈക്കോടതിയെ അറിയിച്ച്‌ പോലീസ്

കൊച്ചി: വടകരയിലെ ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.ആദ്യം ലഭിച്ചത് റെഡ് എന്‍കൗണ്ടര്‍ വാട്സ് ആപ് ഗ്രൂപ്പിലാണ്. റെഡ് ബറ്റാലിയന്‍ എന്ന വാട്സ് ആപ്പ് വഴിയും ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചെന്നും പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നു.

റെഡ് എന്‍കൗണ്ടര്‍ വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ് വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റെഡ് ബറ്റാലിയന്‍ വാട്സ്‌ആപ്പ് ഗ്രൂപ്പിലും സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു. അന്നേ ദിവസം അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. അഡ്മിന്‍ മനീഷാണ് ഇത് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. അഡ്മിന്‍ അബ്ബാസാണ് ഇത് പോസ്റ്റ് ചെയ്തതെന്നും പോലിസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പോസ്റ്റ് ചെയ്ത റബീഷിനെ ചോദ്യം ചെയ്‌തെങ്കിലും ഉറവിടം അറിയില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയതെന്നാണ് പോലിസ് റിപ്പോര്‍ട്ടിലുള്ളത്. ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സിപിഐഎം കേന്ദ്രങ്ങള്‍ വ്യാജമായി സൃഷ്ടിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ ആധാരമാക്കി കെ.കെ. ശൈലജ ഉന്നയിച്ച കാഫിര്‍ പ്രയോഗം തരംതാഴ്ന്നതാണെന്നും വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് സുഖകരമല്ലെന്നും വടകര എംപി ഷാഫി പറമ്പിലും നേരത്തെ പ്രതികരിച്ചിരുന്നു.

വിവാദമായ കാഫിര്‍ പോസ്റ്റ് വ്യാജമാണെന്നും നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകനല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച്‌ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ പേരിലാണ് സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ കാഫിറായ സ്ത്രീ… ഈ ആധുനിക ലോകത്തിലും ഇങ്ങനെ പച്ച വര്‍ഗീയത പറഞ്ഞു വോട്ടുപിടിക്കാന്‍ നാണമില്ലേ മുസ്‌ലിംലീഗുകാരാ.. കോണ്‍ഗ്രസുകാരാ… ഈ തെമ്മാടിക്കൂട്ടം നാടിനെ എങ്ങോട്ടാണ് കൊണ്ടു പോവുന്നത്?’ എന്നായിരുന്നു പോസ്റ്റിലെ അടിക്കുറിപ്പ്.

spot_img

Related Articles

Latest news