ആസ്വാദനത്തിന്റെ പുത്തൻ അനുഭൂതി പകർന്ന് ‘മധുരനാരങ്ങ’ സമ്മർ വൈബ് സമാപിച്ചു

മുക്കം: വൈവിധ്യമാർന്ന ഉല്ലാസ-പഠന-യാത്രാ വിരുന്നൊരുക്കി കക്കാട് ഗവ. എൽ.പി സ്‌കൂൾ സംഘടിപ്പിച്ച ‘മധുനാരങ്ങ’ സമ്മർ വൈബ് ശിൽപശാല മധുരമൂറുന്ന അനുഭവമായി. കക്കാടംപൊയിലിലെ റിസോർട്ടിൽ രാവിലെ മുതൽ രാത്രി പത്തരവരെ നീണ്ട ശിൽപശാലയിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആവേശപൂർവ്വം പങ്കാളികളായി.

പാട്ടും പറച്ചിലും കവിതയും ഒപ്പനയും നീന്തലും ഫുട്ബാളും ഷട്ടിലുമുൾപ്പെടെ വിവിധ കളികളും ഗെയിമുകളും പൂത്തുലഞ്ഞ നിമിഷങ്ങൾ, അത്യുഷ്ണത്തിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഘാടകരുടെയും മനസ്സിൽ കുളിര് കോരിയിട്ട സർഗനിശയുടെ ഓളങ്ങൾ…പഠനവും ഉല്ലാസവും കെയറിങ്ങുമായി ബന്ധിപ്പിച്ചുള്ള ശിൽപശാല അഴകിന്റെ, അറിവിന്റെ, ആസ്വാദനത്തിന്റെ, തിരിച്ചറിവിന്റെ പുത്തൻ അനുഭവങ്ങളാണ് സമ്മാനിച്ചത്.

കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസത്തെ ലക്ഷ്യമിട്ടുള്ള വിവിധ ഇടപെടലുകൾ, കുട്ടികളിലും രക്ഷിതാക്കളിലും ഏകാഗ്രതയും സർഗാത്മകതയും സ്ഥിരോത്സാഹവും ആനന്ദവും കണ്ടെത്തുന്ന വിവിധ ഗെയിമുകൾ മധുരനാരങ്ങയെ വേറിട്ടതാക്കി.

കണക്ക്, സാമൂഹ്യശാസ്ത്രം തുടങ്ങിയ പാഠഭാഗങ്ങളിലെ ആശയങ്ങൾ കളികളിലൂടെ കുട്ടികളെ മനസ്സിലാക്കാനും അവരുടെ ചിന്താശേഷി വർധിപ്പിക്കാനുമുള്ള ശാസ്ത്രീയ ഇടപെടലുകൾ, കുട്ടിയും രക്ഷിതാവും പരസ്പരം മുഖാമുഖം ഇരുന്നുള്ള അനുഭവങ്ങൾ പങ്കിടൽ എന്നിവ അറിവിന്റെയും ആവിഷ്‌കാരത്തിന്റെയും പുതിയ സീമകൾ വരച്ചുകാട്ടി.

കുട്ടികളെയും രക്ഷിതാക്കളെയും ഒരുമിച്ചിരുത്തിയുള്ള ‘ഉല്ലാസം’ സെഷൻ കേരള സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺ കെ.സി ആഷിദ് മാഷും മീറ്റ് വിത്ത് പാരന്റ്‌സ് സെഷൻ കോഴിക്കോട് ഡയറ്റിലെ മുൻ സീനിയർ ലക്ചററർ ഡോ. കെ.എസ് വാസുദേവൻ മാഷും നയിച്ചു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷനായി. ഹെഡ്മസ്ട്രസ് ജാനീസ് ജോസഫ് സംസാരിച്ചു.

ശിൽപശാല കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ജംഷിദ് ഒളകര, പുറായിൽ റിസോർട്ട് ഉടമയും പ്രവാസി വ്യവസായ സംരംഭകനുമായ സിദ്ദീഖ് പുറായിൽ പ്രസംഗിച്ചു.

ഗെയിമുകൾക്ക് അധ്യാപകരായ ഷാക്കിർ പാലിയിൽ, ജി ഷംസു മാസ്റ്റർ, കെ ഫിറോസ് മാസ്റ്റർ, കിച്ചൺ സ്പാർക്കിന് എസ്.എം.സി ചെയർമാൻ കെ ലുഖ്മാനുൽ ഹഖീം, വൈസ് ചെയർമാൻ മുനീർ പാറമ്മൽ, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, ഫസീല വെള്ളലശ്ശേരി, വിപിന്യ ടീച്ചർ, ഷാമില മുബാറക്, ഷാഹിന, ഷെറീന ടി, റുബീന, നുസ്ഫത്ത്, റജ്‌ന, ഷംസീന, മുസ്‌ഫിറ, കൾച്ചറൽ ഈവിന് എം.പി.ടി.എ ചെയർപേഴ്‌സൺ കമറുന്നീസ മൂലയിൽ, മുൻ പി.ടി.എ പ്രസിഡന്റ് ശിഹാബ് പുന്നമണ്ണ്, മാത്യു കൂമ്പാറ തുടങ്ങിയവരും നേതൃത്വം നൽകി.

ആൺകുട്ടികൾക്കുള്ള നീന്തൽ പരിശീലനത്തിന് മുക്കം സന്നദ്ധസേനയുടെ സാരഥികളായ അഷ്‌കർ സർക്കാർപറമ്പ്, അനി കല്ലട, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം റിയാസ് ഗോശാലക്കൽ എന്നിവരും പെൺകുട്ടികളുടെ നീന്തലിന് ഷീബ ടീച്ചർ, എം.പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം നസീബ മൂലയിൽ എന്നിവരും നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. രണ്ടാം ഊട്ടിയെന്ന് വിശേഷിപ്പിക്കുന്ന കക്കാടംപൊയിലിൽനിന്ന് രാത്രി പത്തരയോടെയാണ് സ്കൂൾ പി ടി എയുടെ നേതൃത്വത്തിലുള്ള 71 അംഗ യാത്രാസംഘം നാട്ടിലേക്ക് തിരിച്ചത്.

spot_img

Related Articles

Latest news