മോങ്ങം : പരമ്പരാഗത കാർഷിക അറിവുകൾ പുതു തലമുറക്ക് കൈമാറുക , കാർഷിക പൈതൃകങ്ങൾ സംരക്ഷിക്കുക , പരിസ്ഥിതിയുമായി ഇണങ്ങി കൃഷിയുടെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ചെറുപുത്തൂർ കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ കന്നിമാസ നെൽകൃഷി വിളവെടുപ്പ് നടത്തി . ഒരു ഗ്രാമീണ ഉത്സവത്തിന്റെ പ്രതീതിയോടെ ചെറുപുത്തൂരിലെ മുതിർന്നവരും ,കുട്ടികളും , യുവാക്കളും പങ്കാളികളായി .
ഒരു ഹെക്ടറിന് മുകളിലുള്ള സ്ഥലത്ത് കൃഷിയിറക്കി നാലുമാസത്തെ വളർച്ചക്കൊടുവിലാണ് വിളവെടുപ്പ് നടത്തിയത്. അതോടൊപ്പം തന്നെ അടുത്ത വിളവെടുപ്പിനുള്ള മുന്നൊരുക്കങ്ങളും നടന്ന് വരുന്നു .
വിഷ രഹിത നെൽകൃഷിയും , പച്ചക്കറികളും ഉല്പാദിപ്പിച്ച് ചെറുപുത്തൂർ ഗ്രാമത്തിൽ തന്നെ വിതരണവും നടത്തുന്ന കർഷക കൂട്ടായ്മയുടെ പ്രവർത്തനം മാതൃകാപരമാണ്. അന്യം നിന്നുപോയ നെൽകൃഷിയും , പച്ചക്കറി കൃഷികളും വര്ഷങ്ങളായി കൂട്ടായ്മയുടെ പ്രവർത്തന ഫലമായി നടന്ന് വരുന്നത് തൊട്ടടുത്ത ഗ്രാമങ്ങളിലെ ജനങ്ങൾ ഏറെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത് .
കെ അബ്ദുൽ റഹിമാൻ മാസ്റ്റർ ,കെ മൂസക്കുട്ടി തുടങ്ങിയവർ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നു.