കണ്ണൂരിൽ ഇനി തടസ്സമില്ലാതെ വൈദ്യുതി

കണ്ണൂർ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയ ജില്ലയിൽ മറ്റൊരു നിർണായക കുതിപ്പുകൂടി നടത്തി കെഎസ്‌ഇബി. ചൊവ്വ സബ് സ്റ്റേഷൻമുതൽ കണ്ണൂർ കലക്ടറേറ്റുവരെയുള്ള ഭൂഗർഭ കേബിൾ ശനിയാഴ്‌ച കമീഷൻചെയ്യും. പകൽ 2.30ന്‌ കലക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിക്കും. ഇതോടെ കണ്ണൂർ നഗരത്തിൽ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാകും. ചൊവ്വ സബ് സ്റ്റേഷനിൽനിന്ന്‌ കലക്ടറേറ്റുവരെയുള്ള 10.5 കിലോമീറ്റർ ഫീഡറുകൾ ഉൾപ്പെടെ നഗരത്തിൽ ആർഎപി ഡിആർപി പദ്ധതിയിൽ നിർമിച്ച 82 കിലോമീറ്റർ ഭൂഗർഭ കേബിൾ പ്രവൃത്തിയാണ് പൂർത്തീകരണത്തിലെത്തിയത്. വൈദ്യുതി തടസ്സം കുറയ്‌ക്കുന്നതിന് ചൊവ്വ, മുണ്ടയാട്, കണ്ണൂർ ടൗൺ, പുതിയതെരു, തോട്ടട സബ് സ്റ്റേഷനുകളെ കൂട്ടിയോജിപ്പിക്കുന്നതാണ് കേബിളുകൾ. തകരാർ വരുന്ന ഭാഗങ്ങളെ പെട്ടെന്ന് വേർപെടുത്തി മറ്റു ഫീഡറുകളിൽനിന്ന് ഓട്ടോമാറ്റിക്കായി വൈദ്യുതിയെത്തിക്കാൻ സാധിക്കുന്ന റിങ്‌ മെയിൻ യൂണിറ്റുകൾ അടുത്ത ഘട്ടത്തിൽ സ്ഥാപിക്കും. ഇതുംകൂടി വരുന്നതോടെയാണ്‌ തടസ്സരഹിത വൈദ്യുതി എന്നത് പൂർണമായും യാഥാർഥ്യമാവുക. സാങ്കേതിക കാരണങ്ങളാൽ അഞ്ചുവർഷത്തോളമായി മുടങ്ങിക്കിടന്ന പദ്ധതിയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെയും കെഎസ്‌ഇബിയുടെയും ഇച്ഛാശക്തിയോടെയുള്ള ഇടപെടലിൽ പുനരുജ്ജീവിപ്പിച്ച്‌ യുദ്ധകാലവേഗത്തിൽ പൂർത്തിയാക്കാനായത്‌. മന്ത്രി കടന്നപ്പള്ളിയുടെയും കെഎസ്ഇബി ഡയറക്ടർ ഡോ. വി ശിവദാസന്റെയും ഇടപെടലും പദ്ധതിയെ വേഗത്തിലാക്കി. എഡിഎം ഇ പി മേഴ്സിയുടെ മുൻകൈയിൽ എല്ലാ സർക്കാർ വകുപ്പുകളെയും പദ്ധതിയുമായി സഹകരിപ്പിച്ചതും സഹായകരമായി. ദേശീയപാതയിലെ സ്ഥലലഭ്യതക്കുറവ്‌, ഗതാഗത തടസ്സം, വാട്ടർ പൈപ്പുകൾ, കമ്യൂണിക്കേഷൻ കേബിളുകൾ തുടങ്ങി ഒട്ടനവധി ദുർഘടങ്ങളെ മറികടന്നാണ് നഗരഹൃദയത്തിലേക്കുള്ള അതിവേഗ വൈദ്യുതി ഫീഡറുകൾ യാഥാർഥ്യമാകുന്നത്‌. ആകെ 25 കോടിയാണ് പദ്ധതിച്ചെലവ്‌. മെച്ചപ്പെട്ട വോൾട്ടേജ്, കുറഞ്ഞ ഊർജ നഷ്ടം, മഴക്കാലത്തെ വൈദ്യുതി തടസ്സങ്ങൾക്ക് ഉടൻ പരിഹാരം എന്നിവയും പദ്ധതിയുടെ നേട്ടങ്ങളാണ്. ഉദ്ഘാടനച്ചടങ്ങിൽ മേയർ ടി ഒ മോഹനൻ അധ്യക്ഷനാകും. കെഎസ്ഇബി ഡയറക്ടർ ഡോ. വി ശിവദാസനും പങ്കെടുക്കും.

 

Media wings kannoor

spot_img

Related Articles

Latest news