അടൽ റാങ്കിംഗില്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് അംഗീകാരം

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും സംരംഭകത്വ-നവീകരണ പ്രവര്‍ത്തനങ്ങളുടെ സൂചകമായ അടല്‍ റാങ്കിംഗില്‍ (Atal Ranking of Institutions on Innovation Achievements -ARIIA ) ഇടംപിടിച്ച് കണ്ണൂര്‍ സര്‍വകലാശാല. 2021 ലെ പട്ടികയില്‍ സര്‍വകലാശാല വിഭാഗത്തില്‍ പെര്‍ഫോര്‍മര്‍ ബാന്‍ഡിലാണ് കണ്ണൂര്‍ സര്‍വകലാശാല ഉള്‍പ്പെട്ടിരിക്കുന്നത്. ഉന്നതനിലവാരമുള്ള ഗവേഷണം, സംരംഭകത്വം , നവീകരണം എന്നിവയ്ക്ക് അനുകൂലമായ സാഹചര്യം വളര്‍ത്തിയെടുക്കാന്‍ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അടല്‍ റാങ്കിംഗ് പ്രഖ്യാപിക്കുന്നത്. ഇത്തവണ 1438 സ്ഥാപനങ്ങള്‍ റാങ്കിംഗില്‍ പങ്കാളികളായി.

വിദ്യാര്‍ത്ഥികളെ തൊഴില്‍ ദാതാക്കള്‍ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് കണ്ണൂര്‍ സര്‍വകലാശാല നടപ്പിലാക്കി വരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍വകലാശാലയുടെ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സ് ഇന്നൊവേഷന്‍ കൗണ്‍സിലിന്‍റെ മേല്‍നോട്ടത്തില്‍ ഏകോപിപ്പിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്‍റെ പരിശീലനം ലഭിച്ച 11 ഇന്നൊവേഷന്‍ അംബസാഡര്‍മാര്‍, വിദ്യാര്‍ഥികളെ സഹായിക്കാനുണ്ട്.

2013 മുതല്‍ കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസില്‍ സംരംഭകത്വ വികസന ക്ലബ് (ഇ.ഡി.ക്ലബ്) പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും തദ്ദേശീയരായ സംരംഭകരെയും പങ്കെടുപ്പിച്ച് വിവിധ മേഖലകളില്‍ പദ്ധതികള്‍ ക്ലബ് മുഖേന നടപ്പിലാക്കി വരുന്നു. 2015ല്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷനു കീഴില്‍ അനുവദിച്ചു കിട്ടിയ ഇന്നോവേഷന്‍ & എന്റര്‍പ്രണര്‍ഷിപ്പ് സെന്റര്‍ (IEDC) വിദ്യാര്‍തഥികളുടെ നൂതനമായ ആശയങ്ങള്‍ പ്രയോഗവല്‍ക്കരിക്കുന്നതിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നു.

വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും ആശയങ്ങളും സംരഭകത്വ താല്‍പര്യങ്ങളും പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്ഥാപിച്ച ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ (ബി.ഐ.സി)- ഇൽ അമ്പതില്‍ പരം വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പുകള്‍ ഇതിനോടകം പ്രവര്‍ത്തിച്ച് വരുന്നു. ദേശീയ തലത്തിലും, അന്തര്‍ദേശീയ തലത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ആസ്ട്രെക് ഇന്നോവേഷന്‍, ടെക്ടേണ്‍, മാര്‍ക്ക് ബാര്‍ബര്‍, റോഡ് മേറ്റ്, വിങ്ങ് ട്വന്റി മുതലായവ പ്രധാന ബി.ഐ.സി സ്റ്റാര്‍ട്ട് അപ്പുകളാണ്. മാനേജ്മെന്റ് പഠന വിഭാഗം മേധാവി ഡോ. യു.ഫൈസല്‍, ഗവേഷകനായ ടി.കെ. മുനീര്‍ എന്നിവര്‍ക്കാണ് ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെയും, മറ്റു സംരഭകത്വ പ്രവര്‍ത്തനങ്ങളുടെയും നേതൃത്വം. മോളിക്യുലാര്‍ ബയോളജി വിഭാഗം മേധാവി ഡോ. സൂരജ് എം. ബഷീറിന്‍റെ നേതൃത്വത്തിലാണ് ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സ് ഇന്നൊവേഷന്‍ കൗണ്‍സിലിന്‍റെ പ്രവര്‍ത്തനം.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും, സാമ്പത്തിക പിന്തുണ നല്‍കുന്നതിനും വേണ്ടി സര്‍വകലാശാല ഒരു സ്റ്റാര്‍ട്ട് അപ്പ് പോളിസി തന്നെ നടപ്പിലാക്കിയിട്ടുണ്ട്. സര്‍വകലാശാലയിലെ സംരംഭക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക സമിതിയും നിലവിലുണ്ട്. ഇത്തരം പ്രവർത്തനങ്ങളാണ് ആദ്യ ശ്രമത്തില്‍ തന്നെ അടല്‍ റാങ്കിംഗില്‍ ഇടം നേടാന്‍ സഹായകമായത്.

Mediawings:

spot_img

Related Articles

Latest news