രാഹുൽ ഗാന്ധി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത കണ്ണൂർ ഡിസിസിയുടെ പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സൂം മീറ്റിംഗ് വഴി പങ്കെടുത്തതായി രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും. ഇന്നലെ രാവിലെയാണ് കണ്ണൂർ ഡി.സി.സിയുടെ പുതിയ ആസ്ഥാന മന്ദിരം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തത്. ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ആരംഭിച്ച ആഭ്യന്തര കലഹത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ നിന്ന് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.
രാജ്യത്ത് തന്നെ രണ്ടാമത്തെ വലിയ കോൺഗ്രസ് മന്ദിരമാണ് തളാപ്പ് പാമ്പൻ മാധവൻ റോഡിൽ യാഥാർത്ഥ്യമായത്. രാഹുൽ ഗാന്ധി ഓൺലൈനായി പങ്കെടുത്ത ചടങ്ങിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.