കണ്ണൂര്‍ വിമാനത്താവളം നാലാം വാര്‍ഷികത്തിലേക്ക് കടക്കുകയാണ്. സ്വപ്ന പദ്ധതി പക്ഷേ ഇപ്പോള്‍ കിതപ്പിലാണ്. പ്രതീക്ഷിച്ച യാത്ര സര്‍വീസുകള്‍ ഇല്ലാത്തതും അനുബന്ധ വികസനത്തിലെ മുരടിപ്പുമാണ് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നത്.
യാത്രക്കാര്‍ക്കും, ടൂറിസം, വ്യവസായ മേഖലകള്‍ക്കും പ്രയോജനം ചെയ്യാത്ത സമയക്രമവും സര്‍വീസ് ഷെഡ്യൂളുമാണ് തളര്‍ച്ചയ്ക്ക് പ്രധാന കാരണം. അന്താരാഷ്ട്ര സര്‍വീസുകള്‍ ഗള്‍ഫ് മേഖലയിലേക്ക് മാത്രമാണുള്ളത്. ആഭ്യന്തര സര്‍വീസുകള്‍ ആവട്ടെ പേരിനു മാത്രവും. കൊവിഡ് പ്രതിസന്ധിക്ക് ശേഷം കര കയറാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ കുറവ് ഇരുട്ടടിയാകുകയായിരുന്നു.
വിമാനത്താവള അടിസ്ഥാന സൗകര്യത്തിലും അനുബന്ധ മേഖലയിലും പുതിയ വികസന ഇടപെടല്‍ മരവിച്ച നിലയിലാണ്. കേന്ദ്ര ഇടപെടലിലും പ്രതീക്ഷ കുറവാണ്. സംസ്ഥാനം വിഷയത്തില്‍ നിസംഗതിയാണ് പുലര്‍ത്തുന്നത്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പ്രയോജനം ചെയ്യുന്ന എംപാര്‍ക്കേഷന്‍ സെന്റര്‍ സാധ്യത പരിശോധിക്കാമായിരുന്നിട്ടും ഇടപെടലുകള്‍ ഇല്ല. കാര്‍ഗോ കോംപ്ലക്‌സിനെ വേണ്ടവിധം ഉപയോഗിക്കുന്നില്ല. സമീപനഗരങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗതസൗകര്യങ്ങളില്‍ നേരിടുന്നത് പരിമിതികളുടെ നീണ്ട നിര. എല്ലാറ്റിനുപരി ആകര്‍ഷണീയമല്ലാത്ത ടിക്കറ്റ് നിരക്കുകളും യാത്രക്കാരെ അകറ്റുകയാണ്.