മട്ടന്നൂര്‍: യാത്രാവിലക്കിന് ശേഷം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് യു.എ.ഇ.യിലേക്ക് സര്‍വീസുകള്‍ തുടങ്ങി. ഇന്നലെ രാവിലെ 10.30 ന് ഷാര്‍ജയിലേക്ക് എയര്‍ ഇന്ത്യ എക്സ്‌പ്രസ്സാണ് ആദ്യ സര്‍വീസ് നടത്തിയത്. 53 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
കര്‍ശന നിബന്ധനകളോടെയാണ് യു.എ.ഇ. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രവേശനം നല്‍കുന്നത്. താമസ വിസയുള്ള യു.എ.ഇ യില്‍ നിന്ന് വാക്സിന്‍ സീകരിച്ചവര്‍ക്കാണ് അനുമതി. കൊവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധനാ ഫലത്തോടൊപ്പം വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധനയും നടത്തി നെഗറ്റീവാകുന്നവര്‍ക്കാണ് യാത്ര ചെയ്യാനാവുക.
വരും ദിവസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ യു.എ.ഇ. സര്‍വീസുകളുണ്ടാകും. ആഴ്ചയില്‍ ചൊവ്വ, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് എയര്‍ ഇന്ത്യ എക്സ്‌പ്രസ് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നത്. 10 മുതല്‍ ഇന്‍ഡിഗോ സര്‍വീസുകളും കണ്ണൂര്‍ – ഷാര്‍ജ സെക്ടറില്‍ ഉണ്ടാകും.
എയര്‍ ഇന്ത്യ, ഗോ ഫസ്റ്റ് (ഗോ എയര്‍) വിമാനക്കമ്പനികളും 12 ന് ദുബായിലേക്ക് സര്‍വീസ് തുടങ്ങും. നിയന്ത്രണങ്ങളില്‍ യു.എ.ഇ. ഇളവു വരുത്തുകയും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്താല്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തിയേക്കും.
യാത്രയ്ക്ക് മുമ്പുള്ള റാപ്പിഡ് പി.സി.ആര്‍. പരിശോധനയ്ക്ക് 10 കൗണ്ടറുകളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. 15 മിനിറ്റിനകം പരിശോധനാ ഫലം ലഭ്യമാകും. 3000 രൂപയാണ് ഫീസ് ഈടാക്കുന്നത്.