കോഴിക്കോട്: യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വാർത്താ ഏജൻസിയാണ് എക്സിലെ പോസ്റ്റ് ഒഴിവാക്കിയതെന്നും കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന കാന്തപുരത്തിന്റെ ഓഫീസിനെ കോട്ട് ചെയ്തുള്ള വാർത്താ ഏജൻസി നല്‍കിയ വാർത്തയാണ് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഇപ്പോള്‍ ഡിലീറ്റ് ചെയ്തത്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും മോചനം സംബന്ധിച്ച തുടർ ചർച്ചകള്‍ നടക്കുമെന്നുമാണ് ഇന്നലെ കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്.
ഇതിനിടെ, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകള്‍ വിദേശകാര്യ മന്ത്രാലയം തള്ളി. നിമിഷപ്രിയയുടെ കേസില്‍ ചില വ്യക്തികള്‍ പങ്കിടുന്ന വിവരങ്ങള്‍ തെറ്റാണെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്. വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവർത്തകൻ സാമുവല്‍ ജെറോം അറിയിച്ചിട്ടുണ്ട്. എന്നാല്‍ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തില്‍ യമനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നുമാണ് യമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്തഫാവി അവകാശപ്പെടുന്നത്.
2017ല്‍ യമൻ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. വിധി നടപ്പാവാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് വധശിക്ഷ നീട്ടിവച്ചത്. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷപ്രിയ.