കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു.

 

കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു.
75 വയസായിരുന്നു. കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് വൈസ് പ്രസിഡന്റും മുതിര്‍ന്ന അധ്യാപകനുമാണ്. ഇന്നു പുലര്‍ച്ചെ 5.45നായിരുന്നു അന്ത്യം. അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാരുടെ ആദ്യ ശിഷ്യന്മാരില്‍ ഒരാളാണ് മുഹമ്മദ് മുസ്‌ലിയാര്‍. ഇസ്‌ലാമിക കര്‍മശാസ്ത്ര പഠനരംഗത്ത് വിദഗ്ധനാണ്. ചെറിയ എ.പി ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്.
പരേതരായ കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിശയുടെയും മകനായി 1950ല്‍ കൊടുവള്ളിക്കടുത്ത കരുവ വമ്പെയിലിലായിരുന്നു ജനനം. കാന്തപുരം, കോളിക്കല്‍, മാങ്ങാട് തുടങ്ങിയ ദര്‍സുകളില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ കീഴില്‍ ദീര്‍ഘകാലം മതപഠനം നടത്തി. ശേഷം തമിഴ്നാട് വെല്ലൂര്‍ ബാഖിയാത്ത് കോളജില്‍നിന്ന് ബാഖവി ബിരുദം നേടി. 1975ല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ തന്നെ കീഴില്‍ കാന്തപുരം അസീസിയ്യ അറബിക് കോളജ് വൈസ് പ്രിന്‍സിപ്പലായായിരുന്നു അധ്യാപന തുടക്കം.
കഴിഞ്ഞ 20 വര്‍ഷമായി മര്‍കസില്‍ പ്രധാന അധ്യാപകനും വൈസ് പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാദിയുമാണ്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.

മക്കള്‍: അബ്ദുല്ല റഫീഖ്, അന്‍വര്‍ സ്വാദിഖ് സഖാഫി (ഡയരക്ടര്‍, അല്‍ ഖമര്‍), അന്‍സാര്‍, മുനീര്‍, ആരിഫ, തശ്രീഫ. മരുമക്കള്‍: ഇ.കെ ഖാസിം അഹ്സനി, അബ്ദുല്‍ ജബ്ബാര്‍, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.
രാവിലെ ഒന്‍പത് മണിക്ക് കാരന്തൂര്‍ ജാമിഅ മര്‍കസ് മസ്ജിദില്‍ നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിനുശേഷം കൊടുവള്ളി കരുവമ്ബൊയിലിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാലു മണിക്ക് കരുവമ്പെയില്‍ ചുള്ള്യാട് ജുമാ മസ്ജിദില്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.

spot_img

Related Articles

Latest news